കൊല്ലം> പ്രസവിച്ച ഉടന് കരിയിലക്കൂട്ടത്തില് ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില് റിമാന്ഡിലുള്ള കല്ലുവാതുക്കല് സ്വദേശി രേഷ്മ, നിരവധി കേസുകളില് പ്രതിയായ നെടുങ്ങോലം സ്വദേശി അനന്തുപ്രസാദുമായും സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ്. ‘ഫെയ്സ്ബുക്ക് സുഹൃത്തായ അനന്തു’വിനു പുറമേയാണിത്. നെടുങ്ങോലം സ്വദേശിയായ അനന്തുപ്രസാദ് ബിലാല് എന്ന പേരിലാണ് രേഷ്മയുമായി ചാറ്റ്ചെയ്തിരുന്നത്. ക്വട്ടേഷന് സംഘാംഗമായ ഇയാള് ജില്ലാ ജയിലില് റിമാന്ഡിലാണ്.
അട്ടക്കുളങ്ങര വനിതാ ജയിലില് ചോദ്യംചെയ്യലിനിടെ അനന്തു പ്രസാദിന്റെ ചിത്രം കാണിച്ചപ്പോഴാണ് അത് ബിലാലാണെന്ന് രേഷ്മ പ്രതികരിച്ചത്. ഇയാളുമായി നാലുമാസമായി ഫെയ്സ്ബുക്ക് മെസഞ്ചര്വഴി രേഷ്മ ചാറ്റുചെയ്തിട്ടുണ്ട്. ഭര്ത്താവ് വിഷ്ണു ഗള്ഫില് പോയ ശേഷമാണ് സൗഹൃദം തുടങ്ങിയത്. അടുത്ത ബന്ധുക്കളായ ആര്യ (23), ഗ്രീഷ്മ (ശ്രുതി–22) എന്നിവര് സൃഷ്ടിച്ച വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ അനന്തുവുമായി ദൃഢബന്ധം തുടരുമ്പോഴും ‘ബിലാലുമായും’ രേഷ്മ ചാറ്റ് ചെയ്തിരുന്നു. ഇയാളുമായി അടുത്ത സൗഹൃദമുള്ള ഒരു യുവതിയില്നിന്ന് കഴിഞ്ഞദിവസം പൊലീസ് മൊഴിയെടുത്തിരുന്നു.
ഒന്നര വര്ഷം മുമ്പ് ഏത് അനന്തു ആവശ്യപ്പെട്ടതിനാലാണ് രേഷ്മ വര്ക്കലയ്ക്ക് പോയതെന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകളുടെ ഇന്റര്നെറ്റ് പ്രോട്ടോകോള് ഡീറ്റയില്ഡ് റിപ്പോര്ട്ട് ഫെയ്സ്ബുക്ക് അധികൃതരില്നിന്ന് ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവു നിരത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കുഞ്ഞിനെ ഉപേക്ഷിക്കാന് രേഷ്മയെ പ്രേരിപ്പിച്ചതിനു പിന്നില് പരപ്രേരണ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നു. അനന്തുവിനോടൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു രേഷ്മയുടെ മൊഴി. എന്നാല്, പൊലീസ് ഇതു പൂര്ണമായും വിശ്വസിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായ രേഷ്മയെ ക്വാറന്റൈന് കാലാവധി കഴിഞ്ഞതോടെ വിചാരണത്തടവുകാരുടെ സെല്ലിലേക്ക് മാറ്റി.