വധഭീഷണി കത്ത് ലഭിച്ചതോടെ ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ അറിയിച്ചു. മോശം ഭാഷയാണ് കത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കേസുമായി മുന്നോട്ട് പോയാൽ ഭർത്താവിനെയും കുഞ്ഞിനെയും തന്നെയും ഇല്ലാതാക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. കത്തിന് പിന്നിൽ പ്രതിയുടെ ആളുകളാണെന്നും മയൂഖ പറഞ്ഞു.
ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്നാണ് മയൂഖയുടെ പരാതി. 2016 ജൂലായ് മാസം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിവാഹിതയായ സുഹൃത്തിൻ്റെ ഭാവിക്കുറിച്ചുള്ള ആശങ്കയിലാണ് ഇതേക്കുറിച്ച് പരാതി നൽകാതിരുന്നത്. ഇതിനിടെ പ്രതിയിൽ നിന്നും നിരന്തരം ഭീഷണിയുണ്ടാകുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ 2020ൽ പ്രതിയിൽ നിന്നും വീണ്ടും ഭീഷണിയുയർന്നു. ഇതോടെ വിവരം പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരമറിയുകയും എസ്പി പൂങ്കുഴലിക്ക് പരാതി നൽകുകയുമായിരുന്നു. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ഇടപെട്ട എസ്പി പിന്നീട് നിലപാട് മാറ്റി. പരാതിക്കാരെ അവഗണിക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചതെന്നും വാർത്താസമ്മേളനത്തിൽ മയൂഖ ആരോപിച്ചിരുന്നു.
സിയോൻ സഭയിൽ നിന്നും പുറത്തു പോയതിന്റെ വൈരാഗ്യത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നാണ് ജോൺസന്റെ കുടുംബത്തിന്റെ വാദം. നിലവിലെ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റൂറൽ എസ്പി പിജി പൂങ്കുഴലിയുടെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്നാണ് നടപടി.