ന്യൂഡൽഹി > അഴിച്ചുപണിക്ക് ശേഷമുള്ള രണ്ടാം മോഡി സർക്കാരിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികൾ. ഒരാൾ കൊലപാതകക്കേസിലും നാലുപേർ വധശ്രമക്കേസിലും പ്രതികളാണ്. 33 മന്ത്രിമാർക്കെതിരെയാണ് ക്രിമിനൽ കേസുള്ളത്. അതിൽ 24 പേർക്കെതിരെ (മന്ത്രിസഭയുടെ 31 ശതമാനം) ഗുരുതര ക്രിമിനൽ കുറ്റങ്ങളാണ്. കൊലപാതക കേസിലെ പ്രതി ആഭ്യന്തര മന്ത്രാലയത്തിൽത്തന്നെയെന്നതും ശ്രദ്ധേയം. വധശ്രമമടക്കം 11 കേസിൽ പ്രതിയാണ് അമിത് ഷായുടെ സഹമന്ത്രി ബംഗാളിൽനിന്നുള്ള നിസിത് പ്രാമാണിക്ക്. കൂച്ച്ബിഹാർ എംപിയായ പ്രാമാണിക്കിന്റെ വിദ്യാഭ്യാസയോഗ്യതയും വിവാദത്തിലാണ്. പ്രായംകുറഞ്ഞ മന്ത്രിയാണ് ഈ മുപ്പത്തഞ്ചുകാരൻ.
കേരളത്തിൽനിന്നുള്ള വി മുരളീധരൻ, ബംഗാളിൽനിന്നുള്ള ജോൺ ബർള, യുപിയിൽനിന്നുള്ള പങ്കജ് ചൗധരി എന്നിവരാണ് പ്രമാണിക്കിന് പുറമെ വധശ്രമ കേസിലുള്ളവർ. മുരളീധരൻ ഏഴുകേസിലും പങ്കജ് ചൗധരി അഞ്ചിലും ബർള ഒമ്പത് കേസിലും പ്രതിയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗിരിരാജ് സിങ്, ശോഭ കരന്ത്ജ്ലെ, നിത്യാനന്ദ് റായ്, പ്രഹ്ലാദ് ജോഷി എന്നിവർ വർഗീയകലാപക്കേസിൽ പ്രതികളാണ്.
78 അംഗ മന്ത്രിസഭയിലെ 70 പേരും (90 ശതമാനം) കോടീശ്വരൻമാരാണ്. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപ. ഏറ്റവും സമ്പന്നൻ ജ്യോതിരാധിത്യ സിന്ധ്യ–- 379 കോടി. പീയുഷ് ഗോയലിന് 95 കോടിയും നാരായൺ റാണെയ്ക്ക് 87 കോടിയും സ്വത്തുണ്ട്. വ്യവസായികൂടിയായ രാജീവ്ചന്ദ്രശേഖരന് 64 കോടി രൂപയുടെ സ്വത്താണ് കാണിച്ചിട്ടുള്ളത്. 27 ലക്ഷംരൂപയാണ് മുരളീധരന്റെ സ്വത്ത്. മന്ത്രിമാരിൽ രണ്ടുപേർ എട്ടാംക്ലാസും മൂന്നുപേർ പത്താംക്ലാസും ഏഴുപേർ 12–-ാം ക്ലാസുംവരെ പഠിച്ചവരാണ്. 17പേർ ബിരുദധാരികളും 21 പേർ പിജിക്കാരുമാണ്. ഒമ്പത് പേർക്ക് പിഎച്ച്ഡിയുണ്ട്.