പോർട്ടോ പ്രിൻസ് > ഹെയ്തി പ്രസിഡന്റ് ജൊവനൽ മോസിന്റെ കൊലപാതകത്തെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി മുർച്ഛിച്ചു. സെനറ്റ് അധ്യക്ഷൻ ജോസഫ് ലാംബെര്ട്ടിനെ ഇടക്കാല പ്രസിഡന്റായി സെനറ്റ് തെരഞ്ഞെടുത്തു. എന്നാൽഇടക്കാല പ്രധാനമന്ത്രിയായിരുന്ന ജോസഫ് ക്ലോഡ് സ്ഥാനം നിലനിർത്താൻ അമേരിക്കൻസഹായം തേടി. ക്ലോഡിന് പകരം ആരിയൽ ഹെൻറിയെ പ്രധാനമന്ത്രിയായി നിയമിച്ച് മണിക്കൂറുകൾക്കകമാണ് മോസ് കൊല്ലപ്പെട്ടത്. പിന്നാലെ പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് ക്ലോഡ് അധികാരം പിടിച്ചു.
അമേരിക്കൻ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടതായി ക്ലോഡ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താൻ സ്ഥിരത കൈവരിക്കാനാണ് ഇതെന്നാണ് ക്ലോഡിന്റെ വാദം. അന്വേഷണത്തിൽ സഹായിക്കാൻ മുതിർന്ന എഫ്ബിഐ ഉദ്യോഗസ്ഥരെ അയക്കുമെന്ന് അമേരിക്ക പറഞ്ഞു. ക്ലോഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കൊളംബിയയിലെ മുന് സൈനിക ഉദ്യോഗസ്ഥരും ഹെയ്തി വംശജരായ രണ്ട് അമേരിക്കൻ പൗരന്മാരും അടക്കം 28 പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ഹെയ്തി പൊലീസ് പറഞ്ഞു. ഇവരില് അമേരിക്കക്കാരടക്കം 17 പേര് പിടിയിലായി. 11പേർ തൈവാൻ എംബസിയിൽനിന്നാണ് അറസ്റ്റിലായത്. എട്ടു പേര് ഒളിവിലാണ്. മൂന്ന് പേർഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. മോസിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട 26 കൊളംബിയക്കാരെ നാല് കമ്പനി റിക്രൂട്ട് ചെയ്തതാണെന്ന് കൊളംബിയ പൊലീസ് വെളിപ്പെടുത്തിയിരുന്നു.