തിരുവനന്തപുരം> പരിഷത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബന്ധുവും ആയുര്വേദത്തെ ആധുനികവല്ക്കരിക്കാന് ശക്തമായി നേതൃത്വം നല്കിയ വൈദ്യ ശ്രേഷ്ഠനുമാണ് ഡോ. പി കെ വാര്യരെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.പരിഷത് മലപ്പുറം ജില്ലയിലെ ആദ്യ പ്രസിഡണ്ടും കോട്ടക്കല് ശാസ്ത്രകൂട്ടായ്മയിലെ അംഗവുമായിരുന്നു അദ്ദേഹം.
1999 ല് പത്മശ്രീയും 2010 ല് പത്മഭൂഷണും ബഹുമതികള് നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സ്മൃതി പര്വം എന്ന പേരില് രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്ഡിന് അര്ഹമായി. കഴിഞ്ഞ ജൂണ് 8 നായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനം കേരളം ആഘോഷിച്ചത്.
പരിഷത്തിന്റെ ശാസ്ത്രഗതി മാസികയുടെ ആദ്യ പത്രാധിപ സമിതി അംഗവും ശാസ്ത്രഗതിയുടെ എക്കാലത്തെയും മികച്ച വായനക്കാരനുമായിരുന്നു പി കെ വാര്യര് .അഗാധമായ മാനവികതയും
സഹജീവി സ്നേഹവും അദ്ദേഹം ജീവിതത്തിലുടനീളം പകര്ത്തി.സ്വാതന്ത്യ സമര സേനാനിയായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില് പങ്കെടുത്തതിനെ തുടര്ന്ന് സ്കൂളില് നിന്ന് പുറത്തായി. മലബാറില് ഇ.എം.എസ് ഉള്പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ച അദ്ദേഹം എക്കാലത്തും മതേതര സംസ്കാരത്തിന് മികച്ച സംഭാവനകള് നല്കി.
കലാസാംസ്കാരിക പ്രവര്ത്തനത്തിന് മികച്ച സംഭാവനകള് നല്കിയ അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ എല്ലാ കലാ ജാഥകളും കാണുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു.ആയുര്വേദ ശ്രേഷ്ഠനായ ഡോ. പി.കെ.വാര്യരുടെ നിര്യാണത്തില് പരിഷത്ത് സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി.