തോമസ് ഐസക് പറയുന്നത് ഇങ്ങനെ, എന്തുകൊണ്ടാണ് സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നൽകിയത്? ഗുജറാത്തിലെ സഹകരണ മേഖല ബിജെപിയുടെ ചൊൽപ്പടിക്കാക്കിയത് അമിത് ഷായാണ്. പക്ഷെ കേന്ദ്രസഹകരണ മന്ത്രിയായതുകൊണ്ട് കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ പിടിച്ചെടുക്കാനാവും? കേരളത്തിലെ സഹകരണ സംഘങ്ങൾ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് ഉത്തരവു കൊടുക്കാനാവില്ല. അപ്പോൾ ബിജെപിയുടെ ഗെയിം പ്ലാൻ എന്താണ്? എന്റെ ഊഹം പറയട്ടെ.
കേരളത്തിൽ ഇപ്പോൾ ബിജെപിക്കാർ ‘ഹിന്ദു ബാങ്കു’കൾ തുടങ്ങിയിട്ടുണ്ട്. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നതാണ് മുദ്രാവാക്യം. ‘ഹിന്ദു ബാങ്ക്’ എന്നതു വിളിപ്പേര് മാത്രമാണെന്ന് അവരും സമ്മതിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇവ കേന്ദ്രസർക്കാർ 2014ൽ രൂപം നൽകിയ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളാണ്. ഇത്തരത്തിൽ 870 കമ്പനികൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അതിന്റെ മുഖ്യസംഘാടകരിൽ ഒരാൾ അവകാശപ്പെട്ടത്. ഇവയിൽ കുറേയെണ്ണം കേന്ദ്രസഹകരണ നിയമപ്രകാരമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുമാണ്. 870 എണ്ണം രജിസ്റ്റർ ചെയ്തിട്ടും വലിയ ചലനമൊന്നും ഇതുവഴി സൃഷ്ടിച്ചു കണ്ടില്ല – ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ നിക്ഷേപകരുടെ പണവും തട്ടി മുങ്ങിയതിന്റെ കോളിളക്കമൊഴിച്ച്. ഹിന്ദുനിധി കമ്പനികളെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വലയത്തിൽ കൊണ്ടുവരുന്നതിനോ പുതിയ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിനോ ആയിരിക്കും പുതിയ കേന്ദ്രമന്ത്രാലയം ശ്രമിക്കുക. അതല്ലെങ്കിൽ ‘ഹിന്ദു ബാങ്കു’കൾക്ക് ധനസഹായം നൽകുന്നതിന് ഒരു കേന്ദ്ര മൾട്ടിസ്റ്റേറ്റ് സഹകരണ ബാങ്കു തന്നെ ആരംഭിച്ചുകൂടായികയുമില്ല.
ഇതുകൊണ്ടു മാത്രം നൂറ്റാണ്ടിന്റെ പഴക്കമുള്ള കേരളത്തിലെ ജനകീയ സഹകരണ സംഘങ്ങളെ തകർക്കാനാവില്ല. അതിന് കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത് റിസർവ്വ് ബാങ്കിനെയാണ്. സഹകരണ ബാങ്കുകളുടെ പൂർണ്ണ നിയന്ത്രണം റിസർവ്വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷൻ ആക്ട് 2020-ൽ ഭേദഗതി ചെയ്യുകയുണ്ടായി. ഈ ഭേദഗതി ഇപ്പോൾ അർബൻ ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്കിനുമാണ് ബാധകം. പക്ഷെ റിസർവ്വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാർഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങൾ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ നിരോധിക്കാം.
ആ നിരോധനം വന്നുകഴിഞ്ഞാൽ പിന്നെ നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പേരുമാത്രമല്ല നഷ്ടപ്പെടുക. ചെക്കുകൾ ഉപയോഗിച്ച് പണമിടപാട് നടത്താനും കഴിയില്ല. വിത്ഡ്രോവൽ സ്ലിപ്പേ പറ്റൂ. തീർന്നില്ല, പൊതുജനങ്ങളിൽ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാൻ കഴിയില്ല. വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നുമാത്രമേ കഴിയൂ. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തിൽ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണു കണക്ക്. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇത്രയും ചെയ്താൽ കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാം.
അതോടെ അമിത് ഷായുടെ ചൊൽപ്പടിക്കു നിൽക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേയ്ക്കു സംസ്ഥാന സഹകരണ മേഖല വരും. ഇത്രയും വായ്പാ സഹകരണ സംഘങ്ങൾ തങ്ങളുടെ വരുതിയിലായാൽ പിന്നെ ബാക്കിയുള്ളവയെ കീഴ്പ്പെടുത്താൻ പ്രയാസമുണ്ടാവില്ലായെന്നായിരിക്കും ബിജെപിയുടെ കണക്കുകൂട്ടൽ.
കേരളം മാത്രമല്ല ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ പവാറിനെ തളർത്താൻ അവിടുത്തെ സഹകരണ അടിത്തറ പൊളിക്കണം. അതുപോലെ മറ്റു ചില സംസ്ഥാനങ്ങളും. സഹകരണ പ്രസ്ഥാനം അത്ര സുശക്തമല്ലാത്ത ബിജെപിയിതര സംസ്ഥാനങ്ങളിൽ ബിജെപിക്കു കടന്നുകയറാൻ കേന്ദ്ര സഹായത്തോടെയുള്ള സഹകരണ മേഖല ഉപയോഗപ്രദമാകും. അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃശ്ചികമല്ല. ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായി, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.