തിരുവനന്തപുരം > നാല്പ്പത് വര്ഷത്തിന് മുമ്പ് ആരംഭിച്ച ഇന്ത്യന് അന്റാര്ട്ടിക് മിഷന്റെ ആദ്യ സസ്യവര്ഗ കണ്ടുപിടിത്തത്തിന് ചുക്കാന് പിടിച്ച് മലയാളിയും പോളാര് ജീവശാസ്ത്രജ്ഞനുമായ ഡോ. ഫെലിക്സ് ബാസ്റ്റ്. ഇതുസംബന്ധിച്ച ലേഖനം ജേണല് ഓഫ് ഏഷ്യ പസഫിക് ബയോഡൈവേഴ്സിറ്റിയില് പ്രസിദ്ധീകരിച്ചു. പഞ്ചാബ് കേന്ദ്ര സര്വകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയും പയ്യന്നൂര് കോറോം സ്വദേശിയുമായ ഡോ. ഫെലിക്സ് കണ്ടെത്തിയ പായല് വര്ഗത്തിലെ സസ്യത്തിന് ‘ബ്രൈം ഭാരതിയെന്സിസ്’ എന്നാണ് പേര്.
2016-17 വര്ഷത്തെ ഇന്ത്യന് അന്റാര്ട്ടിക് മിഷന്റെ ഭാഗമായി പര്യവേഷക ശാസ്ത്രഞ്ജനായാണ് ഡോ. ഫെലിക്സ് അന്റാര്ട്ടിക്കയില് പോയത്. ഇത്തരം സാഹസിക പര്യവേഷണങ്ങള്ക്ക് പലരും മുതിരാത്ത സാഹചര്യത്തിലായിരുന്നു ആ ഉദ്യമം. ഗവേഷണം സ്വയം ചെയ്യണമെന്നുള്ള താല്പ്പര്യമായിരുന്നു ഇതിനുപിന്നില്.
ഡോ. ഫെലിക്സ് ബാസ്റ്റ്.
കിഴക്കന് അന്റാര്ട്ടിക്കയിലെ ലാര്സ്മാന് ഹില്സില് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാരതി റിസര്ച്ച് സെന്ററിന് സമീപത്തുനിന്നാണ് പായല് കണ്ടെത്തിയത്. പെന്ഗ്വിനുകള് ധാരാളമുള്ള മേഖലയായതിനാല് ഇവയുടെ കാഷ്ടത്തില് നിന്നുള്ള നൈട്രജന് പായലുകള്ക്ക് ഗുണപ്രദമായതായി അദ്ദേഹം പറഞ്ഞു. പായലിന്റെ സാമ്പിള് പഞ്ചാബ് കേന്ദ്ര സര്വകലാശാലയിലെത്തിച്ച് അഞ്ചുവര്ഷത്തോളം നീണ്ട ഗവേഷണം നടത്തിയ ശേഷം 2021ലാണ് ഔദ്യോഗിക ലേഖനം പ്രസിദ്ധീകരിച്ചത്. ഡിഎന്എ ഗവേഷണം, താരതമ്യപഠനം എന്നിവയടക്കം നടത്തി. പിഎച്ച്ഡി ഗവേഷണ വിദ്യാര്ഥിയായ വാഹിദ് റഹ്മാനും ബത്തിണ്ഠ ഡിഎവി കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. കൃതി ഗുപ്തയും ഗവേഷണത്തില് സഹകരിച്ചു. അതേസമയം അന്റാര്ട്ടിക്കയില് പച്ചപ്പ് ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും സ്വാഭാവിക കാലാവസ്ഥയില് ജീവിച്ചിരുന്ന പല സസ്യങ്ങള്ക്കും ആഗോളതാപനം കാരണം അതീജീവിക്കാന് കഴിയുന്നില്ലെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
0. 8 മാത്രം ഇംപാക്ട് ഫാക്ടറുള്ള (പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പ്രാധാന്യം അനുസരിച്ച് മാധ്യമത്തിന്റെ പദവി/ശ്രേണി കണക്കാക്കുന്ന അളവ്) ജേണല് ഓഫ് ഏഷ്യ പസഫിക് ബയോഡൈവേഴ്സിറ്റിയിലാണ് കണ്ടുപിടിത്തം സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല് ബിബിസി അടക്കമുള്ള മാധ്യമങ്ങള് ഇത് വാര്ത്തയാക്കി. ഗവേഷകര് ഉയര്ന്ന ഇംപാക്ട് ഫാക്ടറുള്ള പ്രസിദ്ധീകരണങ്ങളില് തങ്ങളുടെ ലേഖനം വരാന് കൃതൃമ വിവരങ്ങള്/ ചിത്രങ്ങള് പോലും ഉപയോഗിക്കാറുണ്ട്. കണ്ടുപിടിത്തത്തിന്റെ പ്രസക്തി നിശ്ചയിക്കുന്നത് പ്രസിദ്ധീകരണത്തിന്റെ ഇംപാക്ട് ഫാക്ടര് അല്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ഡോ. ഫെലിക്സ് പറഞ്ഞു.