കൊയിലാണ്ടി> കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി. ശനിയാഴ്ച രാവിലെ പൂക്കാട് വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്.
വെള്ളിയാഴ്ച പ്രത്യേക വിമാനത്തിൽ കോയമ്പത്തുർ സുലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച് തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിച്ച ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി പുലർച്ചെ രണ്ട് മണിയോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത്.
സംസ്ഥാന സർക്കാറിന് വേണ്ടി വനം മന്ത്രി എ കെ ശശീന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രം അർപ്പിച്ചു. മകൻ അതുൽ ചിതയ്ക്ക് തീ കൊളുത്തി.