തിരുവനന്തപുരം > കോട്ടയ്ക്കല് ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ ആയുര്വേദ ഭിഷഗ്വരനുമായ ഡോ.പി കെ വാര്യരുടെ നിര്യാണത്തില് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് അനുശോചനം രേഖപ്പെടുത്തി. ഒരു നൂറ്റാണ്ടിന്റെ ധന്യജീവിതത്തിലൂടെ താന് ജീവിച്ച സമൂഹത്തില് ഗുണപരമായ പരിവര്ത്തനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചതെന്ന് വിജയരാഘവന് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ആയുര്വേദ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരനായി അദ്ദേഹം ഏഴുപതിറ്റാണ്ട് പ്രവര്ത്തിച്ചു. വൈദ്യവൃത്തിയെ ഒരിക്കലും ധനസമ്പാദനത്തിനായി അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. ആര്യവൈദ്യശാലയില് എത്തുന്നവരെല്ലാം അദ്ദേഹത്തിന്റെ സ്നേഹസാനിധ്യം അറിഞ്ഞവരായിരുന്നു.
കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തോടൊപ്പം തന്റെ യൗവ്വനകാലത്ത് സജീവമായി പ്രവര്ത്തിച്ച ഡോ.പി.കെ.വാര്യര് ജീവിതത്തില് ഉടനീളം പുരോഗമന മൂല്യങ്ങളാണ് കാത്തുസൂക്ഷിച്ചത്. കേരളത്തിന്റെ ഇടതുപക്ഷ മുന്നേറ്റങ്ങളില് അഭിമാനമുണ്ടായിരുന്ന അടുത്ത അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുജീവിതത്തിലെ ലാളിത്യമാര്ന്ന സാന്നിധ്യമായി നിറഞ്ഞുനിന്ന ഡോ.പി.കെ.വാര്യര് കഥാവശേഷനാകുമ്പോള് അദ്ദേഹം കാത്തുസൂക്ഷിച്ച മാതൃകകള് എല്ലായ്പ്പോഴും ഓര്ക്കപ്പെടുമെന്നും വിജയരാഘവന് അനുശോചന സന്ദേശത്തില് പറഞ്ഞു.