തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിരുന്ന ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്.
ശിവശങ്കറിനെതിരേയാതൊരു തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തെ കേസിൽ പ്രതിചേർത്തിട്ടുമില്ല.പക്ഷേ, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിവുകൾ പുറത്തുവന്നിരുന്നു. സ്വപ്നയ്ക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പൂർണമായും ശിവശങ്കറിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. മാത്രമല്ല, അദ്ദേഹത്തെ തിരച്ചെടുക്കുന്നത് സർക്കാരിനെതിരായ വിമർശനമായി പ്രതിപക്ഷം ഉന്നയിച്ചേക്കും.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ 2020 ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ശിവശങ്കരനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്.സ്വപ്നയ്ക്കുള്ള നിയമന ശുപാർശ, കേസിൽ ശിവശങ്കർ പ്രതിയാവാനുള്ള സാധ്യത, 1968ലെ ഓൾ ഇന്ത്യ സർവീസിലെ പെരുമാറ്റ ചട്ടം ലംഘിച്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ ആതിഥ്യം സ്വീകരിച്ചു എന്നീ കാരണങ്ങളാണ് അദ്ദേഹത്തിനെതിരേ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
Content Highlights: M Sivasankars suspension extended