ബെംഗളൂരു: കിറ്റക്സ് വിഷയത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാബു ജേക്കബിനോട് സംസാരിക്കുകയും അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വ്യവസായ നിക്ഷേപത്തിനായി കിറ്റക്സിനെ കർണാടകയിലേക്ക് ക്ഷണിക്കുകയും ചെയ്തു രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിനു വേണ്ടെങ്കിൽ കർണാടകയിൽ വ്യവസായം ആരംഭിക്കാൻ കിറ്റക്സിനോട് അഭ്യർഥിക്കുമെന്നും അവരോട് വ്യക്തിപരമായി സംസാരിക്കാൻ പോവുകയാണെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലുംരാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
കർണാടകയിൽ കിറ്റക്സിന് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകും. ഇക്കാലത്ത്, തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന ഏതു നിക്ഷേപകനെയും സംരംഭകനെയും നിലനിർത്തേണ്ടത് അനിവാര്യമാണ്. ആ തൊഴിൽ സൃഷ്ടിക്കലിനെ പിന്തുണയ്ക്കുകയെന്നത് രാഷ്ട്രീയനേതാക്കളുടെ ധാർമിക ഉത്തരവാദിത്വമാണ്. തൊഴിൽ സംരംഭകനെ തകർക്കാൻ പാടില്ലെന്നും കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെ രാഷ്ട്രീയവും തൊഴിൽ സൃഷ്ടിക്കലിന്റെ രാഷ്ട്രീയവുമായി മാറണമെന്നും അദ്ദേഹം അഭിമുഖത്തിൽആശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സാബു ജേക്കബിനോട് സംസാരിക്കുകയും കേരളത്തിലെ ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന അദ്ദേഹത്തിന്റെ വ്യവസായത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെ പൂർണ്ണ പിന്തുണയോടെ കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേരളത്തിൽ വ്യവസായം നടത്താൻ സർക്കാരിന്റെ ഉൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നായിരുന്നു കിറ്റക്സ് എംഡി സാബു ജേക്കബിന്റെ ആരോപണം. ഇത് കേരളത്തിൽ വലിയ രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ നിക്ഷേപ പദ്ധിയിൽ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കിയ കിറ്റെക്സ് തെലങ്കാനയിൽ 1000 കോടി രൂപയുടെ പ്രാരംഭനിക്ഷേപം നടത്താനും തീരുമാനിച്ചു. കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമ റാവുവും ഹൈദരാബാദിൽ നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.