തിരുവനന്തപുരം> ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികളിൽപ്പെട്ട് കുട്ടികൾ പണവും സ്വന്തം ജീവൻ വരെയും നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ രക്ഷാകർത്താക്കൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ്.
2021 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റാണ് ഫ്രീ ഫയർ ഗെയിം കളിക്കുന്നത്. ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്.
ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും ലോ-എൻഡ് സ്മാർട്ട്ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ പെട്ടെന്ന് ഇതിന് അടിമപ്പെടുന്നു.
പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റ് ചെയ്യാനാകും. അപരിചിതർ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം.
ഗെയിമിനനനുസരിച്ച് കുട്ടികളുടെ മനസും വൈകാരികമായി പ്രതിപ്രവർത്തിക്കും. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കും. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കുകയും സ്ത്രീ കഥാപാത്രങ്ങളെ വിവസ്ത്രരാക്കുകയും ചെയ്യുന്നു.
കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ കളിക്കാരെ പ്രചോദിപ്പിക്കുന്നു. കൂടാതെ കാഴ്ചശക്തിയെയും ഗെയിം സാരമായി ബാധിക്കും. അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കണം.
സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യണം. കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യണമെന്നും കേരള പൊലീസിന്റെ ഔദ്യോഗികഫെയ്സ്ബുക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിർദേശിക്കുന്നു.