മലപ്പുറം > കാത്തിരുന്ന കലാശപ്പോര് ഇതാ അരികെ. മാരക്കാനയിൽ മെസിയും നെയ്മറും നേർക്കുനേർ. മൈതാനത്ത് സ്വപ്നമത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ മനസ്സുകളിൽ ആവേശം. കോപ അമേരിക്ക ഫുട്ബോൾ ഫൈനലിൽ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോൾ കേരളത്തിലെ കാൽപ്പന്ത് ആരാധകരുടെ ഹൃദയങ്ങളിൽ പെരുമ്പറ മുഴക്കം.
ലോകത്തിന്റെ ഏത് കോണിൽ ഫുട്ബോൾ ആരവം ഉയരുമ്പോഴും ഉത്സവമാക്കുന്നവരാണ് മലയാളികൾ–- പ്രത്യേകിച്ച് മലബാറുകാർ. ഇഷ്ടടീമുകളുടെ ബാനറും കട്ടൗട്ടും ഫ്ലക്സുകളും നിറയും അങ്ങാടികളിൽ. പ്രിയതാരങ്ങളുടെ പേരുകൊത്തിയ ജേഴ്സിയണിഞ്ഞ് നാട്ടിടങ്ങൾ. കോവിഡ് കാലമായതിനാൽ തെരുവുകളിൽ ആഘോഷത്തിമിർപ്പില്ല. ഇക്കുറി അങ്കം സാമൂഹ്യമാധ്യമങ്ങളിലാണ്. ‘കളിച്ചു വേണമെങ്കിൽ തോൽപ്പിക്കാം, പക്ഷേ തർക്കിച്ച് തോൽപ്പിക്കാൻ കഴിയില്ല’–- ചർച്ചകൾ ഈവിധം. ചോദ്യങ്ങളുടെ ഫ്രീകിക്കും പെനൽറ്റികിക്കുപോലെ മറുപടികളുമായി സജീവം സൈബറിടം. പ്രചവനമത്സരങ്ങളുമേറെ. മീശ വടിക്കൽ, തല മൊട്ടയടിക്കൽ, മുട്ടനാട് ബിരിയാണി… പന്തയങ്ങളാണ് ചുറ്റിലും.
ആര് ജയിച്ചാലും കോപയിൽ നിറയുന്നത് ഫുട്ബോളിന്റെ വസന്തമാണ്. വിരിയുന്നത് കാൽപ്പന്തിന്റെ സൗന്ദര്യമാണ്. ആ കളിയഴകിന്റെ പുലരിയിലേക്ക് ഉണരാം.