ടോക്യോ > മഹാമാരി ഇരുട്ടിലാക്കിയ ഒളിമ്പിക്സിന് വെളിച്ചം പകരാൻ ദീപമെത്തി. ടോക്യോയിലെ കോമസാവ ഒളിമ്പിക് പാർക്കിൽ ദീപശിഖ അനാവരണം ചെയ്തു. 1964ലെ ഒളിമ്പിക്സിന് വേദിയായ സ്റ്റേഡിയത്തിൽ ഒഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
ടോക്യോ ഗവർണർ യുറീകോ കോയികി ദീപശിഖ അനാവരണം ചെയ്തു. മുൻ ടെന്നീസ് താരം ഷൂറോ മറ്റ്സുവോകയും പാരലിമ്പിക് താരം അകി തഗൂച്ചിയും ഏറ്റുവാങ്ങി. ടോക്യോ നഗരത്തിൽ കോവിഡ് പടരുന്നതിനാൽ ദീപശിഖാ പ്രയാണത്തിന്റെ വഴികൾ നിശ്ചയിച്ചിട്ടില്ല. തിരക്കുള്ള നഗരവീഥികൾ ഒഴിവാക്കിയാകും പ്രയാണം.
സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധമുണ്ടായിരുന്നു. ‘ഒളിമ്പിക്സ് നടത്തി പാവങ്ങളെ കൊല്ലരുത്’ എന്ന ബാനറുമായി പ്രതിഷേധക്കാർ അണിനിരന്നു. ജപ്പാനിലെ 60 ശതമാനം ജനങ്ങളും കോവിഡ് കാലത്ത് ഒളിമ്പിക്സ് നടത്തുന്നതിന് എതിരാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കാണികളെ പൂർണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ ഒളിമ്പിക്സ്. ചരിത്രത്തിലാദ്യമാണ് ഈ തീരുമാനം. 23 മുതൽ ആഗസ്ത് എട്ടുവരെയാണ് ഒളിമ്പിക്സ് അരങ്ങേറുക. കഴിഞ്ഞ വർഷം നടക്കേണ്ട കായികോത്സവം കോവിഡ്മൂലം മാറ്റിയതാണ്.