കവളങ്ങാട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കേസിലെ രണ്ടാംപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നത് താൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. പോക്സോ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിനുള്ളിൽ പലരും ആവശ്യപ്പെട്ടെങ്കിലും താൻ ഇടപെട്ടാണ് തടഞ്ഞതെന്നും എംഎൽഎ വെളിപ്പെടുത്തി.
ഷാനിനെതിരെ പാർടി നടപടിയെടുക്കാത്തതിന്റെ ഉത്തരവാദിത്തവും താൻ ഏൽക്കുകയാണെന്നും എംഎൽഎ പറഞ്ഞു. പോത്താനിക്കാട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള മൊബൈൽഫോൺ വിതരണച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് വിവാദ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്റെ അയൽപ്പക്കത്തോ പരിചയത്തിലോ 15 വയസ്സുള്ള പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ഞാൻ പൊലീസിൽ വിളിച്ചുപറയില്ലെന്നും നിങ്ങളാരെങ്കിലും പറയുമോ എന്നും എംഎൽഎ ചോദിച്ചു. ഷാൻ ചെയ്തത് വലിയ തെറ്റല്ല. പാർടിക്കുവേണ്ടിയാണ് ഞാൻ ഷാനിനെ രക്ഷിച്ചത്. എന്നാൽ അതിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെടുകയാണ്. എങ്കിലും ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാംപ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റിടുകയും അയാളുടെ മുൻകൂർ ജാമ്യത്തിനുവേണ്ടി ആദ്യം കോടതിയിൽ ഹാജരാകുകയും ചെയ്ത എംഎൽഎയുടെ നടപടി വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.