തിരുവനന്തപുരം > സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന് നേരെയുണ്ടായ വധഭീഷണി ഞെട്ടിപ്പിക്കുന്നതാണെന്ന് സിഐടിയു. അത്യന്തം ഹീനമായ ഈ സംഭവത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിൽ വന്ന ഒരു കത്തിലാണ് വധഭീഷണി അടങ്ങിയിരിക്കുന്നത്. ഇതിന്റെ പിന്നിലുള്ള നിഗൂഡ ശക്തികളെ കണ്ടെത്താൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് പൊലീസധികൃതരോട് അഭ്യർത്ഥിക്കുന്നു. പൊതു പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരും കരുതരുത്.
സിഐടിയു സംസ്ഥാന സെക്രട്ടറിയും, മത്സ്യതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ പിപി ചിത്തരഞ്ജൻ എംഎൽഎക്ക് പുറമെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെയും, എഎൻ ഷംസീർ എംഎൽഎയെയും അപായപ്പെടുത്തുമെന്നും ഭീഷണികത്തിൽ പറയുന്നു. അത്യന്തം ഹീനമായ ഈ സംഭവത്തിൽ പ്രതിഷേധം ഉയർത്താൻ തൊഴിലാളികളോടും, ജനാധിപത്യ വിശ്വാസികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.