കൊല്ലം > ‘അവർ ഒരിക്കലും എന്നെ കബളിപ്പിക്കില്ല’–- ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമായിരുന്നു ആൺസുഹൃത്തായി ചമഞ്ഞ് ചാറ്റ് ചെയ്തതെന്ന പൊലീസിന്റെ വാക്കുകൾക്കു മുന്നിൽ രേഷ്മയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ റിമാൻഡിലുള്ള രേഷ്മ പൊലീസ് തെളിവ് നിരത്തിയതോടെ മൗനത്തിലാണ്ടു. വിശ്വസിക്കാനാകാതെ ഞെട്ടിത്തരിച്ചിരുന്നു.
കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയെ (22) അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയാണ് അന്വേഷകസംഘം ചോദ്യം ചെയ്തത്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ടി സതികുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫെയ്സ് ബുക്കിലെ അനന്തു എന്ന ഐഡിക്കു പിന്നിൽ ആര്യയും ഗ്രീഷ്മയുമാണെന്ന പൊലീസ് കണ്ടെത്തലിനെ രേഷ്മ ആദ്യം തള്ളിക്കളഞ്ഞു. ഫെയ്സ്ബുക്ക് മെസഞ്ചർവഴിയാണ് അനന്തുവുമായുള്ള ചാറ്റിങ് എന്ന് രേഷ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വാർത്തകൾ വെട്ടിമാറ്റിയാണ് ജയിലിൽ വായിക്കാൻ പത്രങ്ങൾ നൽകുന്നത്. ഇതിനാൽ അറസ്റ്റിനു പിന്നാലെയുണ്ടായ സംഭവങ്ങൾ രേഷ്മ അറിഞ്ഞിട്ടില്ല.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും മരണവും രേഷ്മ അറിഞ്ഞിട്ടില്ല. അവരെ കാണാതായെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു. ആര്യ എഴുതിവച്ച കത്തിൽ രേഷ്മ വഞ്ചിച്ചതായി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവരെ ഒരിക്കലും താൻ വഞ്ചിച്ചിട്ടില്ലെന്നും ആര്യച്ചേച്ചിയുമായി നല്ല അടുപ്പമാണ് എന്നുമായിരുന്നു പ്രതികരണം. ഗ്രീഷ്മയുടെ ആൺ സുഹൃത്തിനെക്കുറിച്ചുള്ള വിവരം വീട്ടിൽ അറിഞ്ഞത് രേഷ്മ മുഖേനയാണെന്ന സംശയത്തിൽ ഗ്രീഷ്മയ്ക്ക് രേഷ്മയോട് വിരോധം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇത് രേഷ്മയും സൂചിപ്പിച്ചു. രേഷ്മയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിന്റെ പാസ്വേഡ് ആര്യയ്ക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നു. ഇതുപയോഗിച്ച് ചാറ്റുകൾ മനസ്സിലാക്കിയശേഷമാണ് അനന്തു എന്ന പേരിൽ രേഷ്മയുമായി യുവതികൾ സൗഹൃദം സ്ഥാപിച്ചത്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുത്തു. ടിക് ടോക്കിനു സമാനമായ മോജോയിൽ ആര്യയും ഗ്രീഷ്മയും സജീവമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഷ്മയുടെ ഫെയ്സ് ബുക്ക് ഇന്റർനെറ്റ് പ്രോട്ടോകോൾ റിപ്പോർട്ട് ലഭിക്കുന്നതോടെ കേസന്വേഷണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.