ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ രണ്ടാം നിര ടീമാണെന്ന മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗെയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സഹതാരമായിരുന്ന അരവിന്ദ ഡിസിൽവ. ഇന്ത്യൻ ക്രിക്കറ്റിന് വളരെയധികം ആഴമുണ്ടെന്നും ലങ്കൻ ഇതിഹാസതാരം അരവിന്ദ ഡി സിൽവ പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിനായി തിരഞ്ഞെടുത്ത ടീമിനെ ഇന്ത്യയുടെ “രണ്ടാം നിര” എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 13 മുതലാണ് ഇന്ത്യയുടെ ലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളുള്ള ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യൻ യുവനിര ശ്രീലങ്കയെ നേരിടും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ മുതിർന്ന താരങ്ങളെ ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടർന്നുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുമായി തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയുടെ രണ്ടാം നിര ടീമിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി അപലനീയമാണെന്നുമായിരുന്നു ഇത് സംബന്ധിച്ച് മുൻ ലങ്കൻ കാപ്റ്റൻ രണതുംഗെ പറഞ്ഞത്. ഇത് അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: രണ്ടാംനിര അല്ല; ഇന്ത്യൻ ടീം ശക്തരെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
എന്നാൽ ലങ്കൻ പര്യടനത്തിനുള്ള ടീമിനെ രണ്ടാംനിര ടീം എന്ന് വിളിക്കാനാവില്ലെന്ന് അരവിന്ദ ഡിസിൽവ ഒരു വിർച്വൽ അഭിമുഖത്തിൽ പറഞ്ഞു. “ഇന്ത്യയ്ക്ക് ഇപ്പോൾ ധാരാളം കഴിവുള്ള താരങ്ങൾ ഉണ്ട്. ഒരു ഭാഗത്തെയും രണ്ടാം നിരയെന്ന് വിളിക്കാൻ കഴിയില്ല,” ഡി സിൽവ പറഞ്ഞു.
“ലോകമെമ്പാടുമുള്ള കളിക്കാരെ കൈകാര്യം ചെയ്യുന്ന രീതി നോക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള നിലവിലെ സ്ഥിതിഗതികൾ നോക്കുകയാണെങ്കിൽ, കളിക്കാരെ മാറ്റിക്കളിപ്പിക്കുന്ന രീതിയുണ്ട്. ഈ കളിക്കാർ ഒരു ബയോ ബബിളിലായിരിക്കുന്നത് ഇവരിൽ പലർക്കും വെല്ലുവിളിയായി മാറി. ഇത് എളുപ്പമല്ല,” ഡിസിൽവ കൂട്ടിച്ചേർത്തു.
“അവരുടെ മാനസികാവസ്ഥ നിലനിർത്തുന്നത് വളരെ പ്രധാനമാണ്, ഒരുപക്ഷേ ഇത് ഈ കളിക്കാരിൽ ചിലരെ, ചില ഉദ്യോഗസ്ഥരെ പോലും ആ പരിധിവരെ അസ്വസ്ഥമാക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തിക്കും. കാരണം നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്,” ഡിസിൽവ പറഞ്ഞു.
“അതിനാൽ, ഈ രീതി ഭാവിയിലേക്കുള്ള ഒന്നായിരിക്കാം. നിങ്ങൾ രണ്ടാം നിരയെയോ മൂന്നാം നിരയെയോ അയച്ചാലും അവയെ മൂന്നാം നിര ടിമെന്ന് പറയാനാവില്ല. അത് ടീമിനെ മാറ്റിക്കൊണ്ടിരിക്കുന്നതിനുള്ള ഒരു തരം ക്രമീകരണമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“സ്ക്വാഡുകൾ മാറ്റുന്നതിനും വിവിധ ടൂറുകളിൽ വ്യത്യസ്ത സ്ക്വാഡുകൾ അയയ്ക്കുന്നതിനും ഞാൻ ആരെയും കുറ്റപ്പെടുത്തില്ലെന്ന് ഞാൻ പറയുന്നു, കാര്യങ്ങൾ ഭാവിയിൽ അങ്ങനെയാവുമെന്ന് ഞാൻ ഊഹിക്കുന്നു,” 93 ടെസ്റ്റുകളിൽ കളിച്ച 55 കാരനായ ഡിസിൽവ പറഞ്ഞു.
Read More: ബയോ ബബിളിന് വിട; ലണ്ടനില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ
ശ്രീലങ്ക ക്രിക്കറ്റും (എസ്‌എൽസി) രണതുംഗെയുടെ വാദത്തിന് മറുപടി നൽകിയിരുന്നു. ശ്രീലങ്കയിലേക്കുള്ള 20 അംഗ ഇന്ത്യൻ ടീമിൽ 14 കളിക്കാർ എല്ലാ ഫോർമാറ്റുകളിലും അല്ലെങ്കിൽ ഏതെങ്കിലും ഫോർമാറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും അതിനാൽ അവർ രണ്ടാംകിട ടീം അല്ലെന്നുമായിരുന്നു അവർ അഭിപ്രായപ്പെട്ടത്.
നിലവിലെ ശ്രീലങ്കൻ ടീമിന് ബാലൻസ് ആവശ്യമാണെന്നും ഡിസിൽവ പറഞ്ഞു.1996 ലോകകപ്പ് ഉയർത്തിയ ശ്രീലങ്കൻ ടീമിന്റെ മുഖമുദ്രകളിലൊന്നാണ് ബാലൻസെന്നും അദ്ദേഹം പറഞ്ഞു.
“ഈ ഘട്ടത്തിൽ ഞങ്ങൾ എവിടെയാണെന്ന് ഇംഗ്ലീഷ് ടൂർ ശരിക്കും കാണിച്ചുതന്നു. ഇത് തീർച്ചയായും ഒരു യുവ ടീമല്ല. ഇത് തികച്ചും പരിചയസമ്പന്നരായ ടീമാണ്. ടീമിന്റെ സന്തുലിതാവസ്ഥയുമായി വളരെയധികം ബന്ധമുണ്ട്. അവിടെയാണ്, അത്തരം അവസ്ഥകളിലെ ഞങ്ങളുടെ കോമ്പിനേഷനുകൾ മികച്ചതല്ലെന്ന് എനിക്ക് തോന്നിയത്, ”അദ്ദേഹം വിശദീകരിച്ചു.
നിലവിലെ കളിക്കാരിൽ ഏറ്റവും മുതിർന്ന കളിക്കാരനായ ഏഞ്ചലോ മാത്യൂസ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ഇക്കാര്യത്തിൽ ഡിസിൽവ അതൃപ്തി പ്രകടിപ്പിച്ചു.
“ഈ ഘട്ടത്തിൽ അദ്ദേഹം (ഏഞ്ചലോ മാത്യൂസ്) രാജിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ദയനീയമാണ്, കാരണം ശ്രീലങ്ക ക്രിക്കറ്റിന് വളരെയധികം സംഭാവന നൽകിയ ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര നിരവധി സോണി ചാനലുകളിൽ സംപ്രേഷണം ചെയ്യും
The post ശ്രീലങ്കൻ പര്യടനത്തിനെത്തുന്നത് രണ്ടാം നിര ടീമല്ല: രണതുംഗെയോട് വിയോജിച്ച് അരവിന്ദ ഡിസിൽവ appeared first on Indian Express Malayalam.