കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രം തുടര്ച്ചയായി ഇന്ധനവില കൂട്ടുകയാണ്. അന്താരാഷ്ട്ര വിപണിയില് എണ്ണ വില കൂടുന്നതാണ് ഇതിന് കാരണമെന്ന് സര്ക്കാരും എണ്ണ കമ്പനികളും പറയുന്നു. എന്നാലിപ്പോള് അന്താരാഷ്ട്ര വിപണിയില് എണ്ണ വില കുറയുമ്പോഴും ഇന്ധന വില കുറയ്ക്കാതെ തുടര്ച്ചയായി കൂട്ടുകയാണ്. 2014 ൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്ക് 105.30 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഒരു ലിറ്റര് പെട്രോളിന് 73 രൂപയായിരുന്നു വില. ഇപ്പോള് അന്താരാഷ്ട്ര വില 30 ഡോളറിലധികം കുറഞ്ഞ് 74, 75 ഡോളര് നിരക്കിലാണ്. പെട്രോള് വില 29 രൂപ കൂടി 102 കടന്ന് കുതിയ്ക്കുകയാണ്.
ജൂണ് 30 ന് അന്താരാഷ്ട്ര എണ്ണ വില വീപ്പയ്ക്ക് 76.94 ഡോളറായിരുന്നു. അന്ന് പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമായിരുന്നു വില. ഈ മാസം എട്ടിന് എണ്ണ വില 74.12 ഡോളറായി കുറഞ്ഞിട്ടും ഇന്ധന വില കുറച്ചില്ല, കൂട്ടുകയും ചെയ്തു. എട്ടു ദിവസം കൊണ്ട് എണ്ണ വിലയില് 2.82 ഡോളര് കുറഞ്ഞപ്പോള് പെട്രോളിന് 1.75 രൂപയും ഡീസിലിന് 46 പൈസയും കൂട്ടി. കഴിഞ്ഞ ഒരു മാസത്തിനുള്ളില് എണ്ണ വില 3.42 ഡോളറാണ് കുറഞ്ഞത്. ഈ ഒരു മാസത്തിനുള്ളില് പെട്രോളിന് 5.25 രൂപയും ഡീസലിന് 3.57 രൂപയും കൂട്ടുകയാണ് ചെയ്തത്.
ഒന്നാം കോവിഡ് ലോക്ഡൗണ് കാലത്ത് എണ്ണ വില വീപ്പയ്ക്ക് 19 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അന്ന് 25 പൈസയാണ് കുറച്ചത്. എണ്ണയ്ക്ക് 105 ഡോളര് വിലയുണ്ടായിരുന്ന കാലത്തെ അതേ വില തന്നെ (72.23 രൂപ) അപ്പോഴും പെട്രോളിന് ഈടാക്കി. 2021 മാർച്ച് എട്ടിന് വീപ്പയ്ക്ക് 71.45 ഡോളർ വില വന്നപ്പോൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ വില പിടിച്ച് നിർത്തി. ഫലപ്രഖ്യാപനം കഴിഞ്ഞ് എണ്ണ വില 67.76 ഡോളറിലേക്ക് താഴ്ന്നെങ്കിലും ഇന്ധന വില വീണ്ടും കൂട്ടിത്തുടങ്ങി.
എണ്ണ വില കുറഞ്ഞപ്പോൾ നികുതി കൂട്ടിയാണ് ജനങ്ങൾക്ക് കിട്ടേണ്ട വിലക്കുറവിൻറെ നേട്ടം കേന്ദ്രം തട്ടിയെടുത്തത്. 2.25 ലക്ഷം കോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ട് ഒരു ലിറ്റർ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് അന്ന് നികുതി കൂട്ടിയത്. 2014 ൽ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. അത് 32.90 രൂപയും 31.80 രൂപയുമാക്കി.
പെട്രോൾ ഡീസൽ വില (രൂപയില്) ക്രൂഡ് വില (ഡോളറില്)
ജൂണ് 30 100.79 95.74 76.94
ജൂലൈ 2021
02/07/2021 101.14 95.74 77.51
06/07/2021 101. 84 95.93 75.81
07/07/2021 102. 19 96.10 74.31
08/07/2021 102.54 96.20 74. 12
എണ്ണ വില 8 ദിവസം കൊണ്ട് എണ്ണ 2.82 ഡോളര് കുറഞ്ഞു. പെട്രോള് 1.75 രൂപ കൂട്ടി. ഡീസല് 46 പൈസ കൂട്ടി.
ഒരു മാസത്തിനുള്ളില് എണ്ണ 3.42 ഡോളര് കുറഞ്ഞു. പെട്രോള് 5.25 രൂപ കൂട്ടി. ഡീസലില് 3.57 രൂപ കൂട്ടി.