കൊച്ചി > ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് വിതരണത്തിൽ വീഴ്ച സംഭവിച്ചതായി എറണാകുളത്ത് ബിജെപി ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കൃത്യമായി ഫണ്ട് നൽകാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവർത്തകർ കടക്കെണിയിലാണെന്നും മണ്ഡലം ഭാരവാഹികൾ പരാതിപ്പെട്ടു. ആദ്യമായാണ് നിയമസഭാ തെരെ്ഞ്ഞടുപ്പിൽ ഫണ്ട് താഴേക്ക് കൃത്യമായി എത്താതിരുന്നത്. ഇത് പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് കനത്തതോൽവിയുടെയും കൊടകര കേസിന്റെയും പേരുപറഞ്ഞ് ഫണ്ട് കുടിശിക നൽകിയുമില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞ് പ്രചാരണ ചെലവിന്റെ കുടിശിക നൽകാമെന്നു പറഞ്ഞ് ഇടപാടുകാരെ നിർത്തിയിരുന്ന മണ്ഡലം ഭാരവാഹികൾ വെട്ടിലായിരിക്കുകയാണെന്നാണ് മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പരാതിപ്പെട്ടു. വ്യാഴാഴ്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പങ്കെടുത്ത് ചേർന്ന ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിലാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇത്തരം സംയുക്ത നേതൃയോഗം.
തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ പാർടിയുടെ മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് ഇരിങ്ങോളിന്റെ നേതൃത്വത്തിൽ 30 പ്രവർത്തകർ കഴിഞ്ഞദിവസം പാർടിയിൽ നിന്നു രാജിവച്ചതും യോഗത്തിൽ ചർച്ചയായി. ജില്ലയിൽ പാർടിയിൽ നിന്നുള്ള പഴയകാല പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായെന്നും ജില്ലാ നേതൃത്വം വിഭാഗീയത പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് ഇതിനു കാരണമെന്നും ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു.
കോതമംഗലത്ത് പാർടിയുടെ മുതിർന്ന നേതാ്ക്കളായ എം എൻ ഗംഗാധരൻ, പി കെ ബാബു, സന്തോഷ് പത്മനാഭൻ എന്നിവർ വികസന സമിതി എന്ന പേരിൽ സമാന്തര മണ്ഡലം കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം മരംമുറിയുടെ പേരിൽ സമാന്തര കമ്മിറ്റിയാണ് ഗാന്ധിസ്ക്വയറിൽ സമരം നടത്തിയത്. കോതമംഗലം സമാന്തര കമ്മിറ്റി വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച അവരുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതല്ലാതെ മറ്റു വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കാമെന്നു പറഞ്ഞ് യോഗം പിരിഞ്ഞു. ജില്ലാ ഭാരവാഹികൾ നേരിട്ടും മണ്ഡലം ഭാരവാഹികൾ ഓൺലൈനിലുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്ത എ പി അബ്ദുള്ളകുട്ടി പരാതികൾക്ക് മറുപടിയും പറഞ്ഞില്ല.