കൊച്ചി > കിറ്റക്സ് കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോൺഗ്രസ് എംഎൽഎമാർ പരാതി നൽകിയെന്നത് സത്യമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ് എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത് സ്വാഭാവിക നടപടിയാണ്. അതിൽ തെറ്റില്ലെന്നും അദ്ദേഹം വാർത്താലേഖകരോടു പറഞ്ഞു.
ജനപ്രതിനിധികൾക്കുമാത്രമല്ല സാധാരണക്കാർക്കും പരാതി നൽകാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാൽ പരിശോധിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കിറ്റക്സിന് ഇക്കാര്യത്തിൽ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് വി ഡി സതീശൻ ആവർത്തിച്ചു. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.