തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി. രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ. ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്നും സിപിഎമ്മിന്റെ പേരെടുത്ത് പറയാതെ പി. സന്തോഷ് കുമാർ വിമർശിച്ചു.പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് സ്വർണ്ണക്കടത്ത് വിവാദത്തിൽ സന്തോഷ് കുമാർരൂക്ഷവിമർശം ഉന്നയിക്കുന്നത്
ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചില രീതികൾ ഇടതുപാർട്ടികളിൽ അടക്കം അപൂർവമായി എങ്കിലും വളർന്നുവരുന്നു എന്നുള്ളതും നമ്മൾ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ആണത്തഭാഷണങ്ങൾ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവൻ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ സംഘങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, പാതാളത്താഴ്ചയുള്ള ഇവരുടെ വീരകൃത്യങ്ങളെ ആകാശത്തോളം വാഴ്ത്തിക്കൊണ്ട് മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്.
എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുപിടിച്ചു വളർന്നത്. അല്ലാതെ, ക്രിമിനൽപ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം. നമുക്കിടയിൽ പ്രവർത്തിക്കുന്നവർ കേസിൽ പ്രതികളാക്കപ്പെടുമ്പോൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമർശനവും ഓരോ പാർട്ടി ഘടകങ്ങൾക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുൻഗണന ആയിരിക്കണമെന്നും പി. സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
Content Highlights: CPI leader Adv. P Santhosh Kumar criticize CPM