“ജൂലൈ ഒന്നിനാണ് ഇങ്ങനെയൊരു സംഭവം സംബന്ധിച്ച സൂചനകൾ പ്രദേശത്തെ ചില പൊതുപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളുമായി നേരിട്ട് കാണാൻ അവരോടു നിർദേശിച്ചു. തുടർന്ന് ജൂലൈ മൂന്നാം തീയതി പെൺകുട്ടിയുടെ ഒരു ബന്ധുവും ചില പൊതുപ്രവർത്തകരും എന്നെ നേരിൽ വന്ന് കണ്ട് സംസാരിച്ചു. പ്രശ്നത്തിന്റെ ഗൗരവവും വ്യാപ്തിയും ബോധ്യപ്പെടുകയും ഉടൻ തന്നെ പരാതി തയ്യാറാക്കി നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇതിനായി അഭിഭാഷകന്റെ സഹായവും ലഭ്യമാക്കി.”
“എനിക്ക് ലഭിച്ച പരാതി അന്നേ ദിവസം തന്നെ മുഖ്യമന്ത്രിക്ക് അയച്ചു. ബന്ധുക്കൾ നേരിട്ടും മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ഗൗരവമായി തന്നെ തുടർ നടപടികളുണ്ടായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പഴുതടച്ച അന്വേഷണത്തിന് വഴിയൊരുക്കി. ചാലിശ്ശേരി സി ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടാൻ അനുവദിക്കില്ല. എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകാനും ഒപ്പമുണ്ടാകും.” എംബി രാജേഷ് പറഞ്ഞു.
സംഭവത്തിൽ മൂന്ന് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ചാത്തന്നൂർ സ്വദേശി നൗഫൽ, മേഴത്തൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് കേസിലെ മൂന്നാം പ്രതി മുഹമ്മദ് ഉണ്ണിയെ ചാലിശേരി പോലീസ് പിടികൂടി. നാഫലിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും അഭിലാഷിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.