കേരളത്തിൽ ആദ്യമായിട്ടാണ് സിക്ക വൈറസ് സ്ഥിരീകരിക്കിന്നത്. 13 പേരിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇവരുടെ പരിശോധന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഇവരിൽ ഏറെപ്പേരും തിരുവനന്തപുരം സ്വദേശികളായ ആരോഗ്യ പ്രവർത്തകരാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഏഴിന് യുവതിയുടെ പ്രസവും നടന്നിരുന്നു. സാധാരണ നിലയിലാണ് പ്രസവം നടന്നത്. ഈവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സിക്ക വൈറസ് സ്ഥിരീകരിച്ച യുവതി താമസിക്കുന്നത് തമിഴ്നാട് ചേർന്നുള്ള അതിർത്തി പ്രദേശത്താണ്. ഈ ഭാഗങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ സംശയം തോന്നിയതോടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് നൽകിയത്.
ഈഡിസ് കൊതുകുകൾ വഴി പടരുന്ന രോഗമായ സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാകും നൽകുക. ഡെങ്കിപ്പനിക്കും ചിക്കുൻ ഗുനിയ്ക്കും സമാനമായ രോഗലക്ഷണങ്ങൾ തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്.