ന്യൂഡല്‍ഹി: മുഖ്യ പരിശീലകന്റെ റോളില്‍ ഇന്ത്യയെ നയിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. നായക മികവിന് പേരുകേട്ട ദ്രാവിഡ് പിന്നണിയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ യുവതാരങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും താരം കേമനാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
2007 ലോകകപ്പില്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അപ്രതീക്ഷിതമായി ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ദ്രാവിഡെങ്ങനെ ഈ സാഹചര്യത്തെ നേരിട്ടു എന്നതാണ് സ്റ്റാര്‍ സ്പോര്‍ട്സ് ഷോയില്‍ പഠാന്‍ വെളിപ്പെടുത്തിയത്.
“മികച്ച പിന്തുണ നല്‍കുന്ന നായകനും പരിശീലകനുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കും. രാഹുല്‍ ഭായി ആശയവിനിമയം നടത്താനുള്ള സാതന്ത്ര്യം നല്‍കിയിരുന്നു. ഇന്ത്യന്‍ നായകനായിട്ട് പോലും അദ്ദേഹത്തിനോട് എന്തെങ്കിലും എതിര്‍പ്പ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് ചെന്ന് സംസാരിക്കാന്‍ കഴിയും,” പഠാന്‍ പറഞ്ഞു.
“ഞാന്‍ ഒരു സന്ദര്‍ഭം ഓര്‍ക്കുകയാണ്. 2007 ലോകകപ്പില്‍ ഞങ്ങള്‍ പുറത്തായി. ദ്രാവിഡ് ഭായി എന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും അടുത്ത് വന്നു. നോക്കു, നമ്മള്‍ എല്ലാവരും വിഷമത്തിലാണ്. നമുക്കൊരു സിനിമയ്ക്ക് പോകാം. ഞങ്ങള്‍ സിനിമയ്ക്ക് പോയി. അതിന് ശേഷം ഞങ്ങള്‍ അരമണിക്കൂര്‍ അദ്ദേഹത്തോട് സംസാരിച്ചു. ലോകകപ്പ് നമുക്ക് നഷ്ടമായി. ഇത് ഒന്നിന്റേയും അവസാനമല്ല, നമ്മള്‍ തിരിച്ചു വരുമെന്നും രാഹുല്‍ ഭായി പറഞ്ഞു,” പഠാന്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം എപ്പോഴും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. ശ്രീലങ്കയില്‍ ഏതെങ്കിലും കളിക്കാര്‍ക്ക് ഫോം നഷ്ടമായാല്‍ അവരെ കൈ പിടിച്ചുയര്‍ത്തുന്ന് ആദ്യം രാഹുല്‍ ഭായി ആയിരിക്കും. പഠാന്‍ വ്യക്തമാക്കി.
Also Read: Happy Birthday Dada:ഓഫ് സൈഡിന്റെ ദൈവത്തിന് പിറന്നാൾ; ഗാംഗുലിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം
The post ‘നമുക്കൊരു സിനമയ്ക്ക് പോകാം, 2007 ലോകകപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഭായി പറഞ്ഞു’ appeared first on Indian Express Malayalam.