തൃശൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം നാടായ കൊണ്ടയൂർ ഗ്രാമം ആഹ്ലാദ നിറവിലാണ്. നിളാ തീരത്തെ ഈ ഗ്രാമത്തിലെ ഉണ്ണിയാട്ടിൽ കുടുംബാംഗം കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു.
കൊണ്ടയൂർ ഗ്രാമത്തിലെ ശ്രീനികേതൻ എന്ന വീട്ടിൽ സ്ഥിരമായി താമസിക്കാൻ ആളില്ലെങ്കിലും അമ്മ ആനന്ദവല്ലി അമ്മ വർഷത്തിൽ ഒന്നോ രണ്ടോ തവണ കുറച്ചു ദിവസം ഇവിടെയെത്തി താമസിക്കുക പതിവാണ്. അല്ലാത്തപ്പോൾ വീടും ഏക്കറുകണക്കിനുള്ള സ്ഥലവും നോക്കാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലയായതിനാൽ വലിയ ആഹ്ലാദമോ ആഘോഷമോ കൊണ്ടയൂരിൽ ഇല്ലായിരുന്നു. അതേസമയം, നാട്ടുകാരൻ ഉന്നത പദവിയിലെത്തിയതിന്റെ ആഹ്ലാദത്തിന് പ്രത്യയശാസ്ത്രഭേദമില്ല.
ആനന്ദവല്ലി അമ്മ കഴിഞ്ഞ നവംബറിൽ നാട്ടിൽ വന്നിരുന്നു. കോവിഡ് വ്യാപനം കാരണമാണ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ചേരാൻ വൈകുന്നതെന്ന് പറഞ്ഞ ആനന്ദവല്ലി, മന്ത്രിയായ മകനെയും കൂട്ടി വൈകാതെ കൊണ്ടയൂരിൽ എത്തുമെന്ന് മാതൃഭൂമിയോട് പറഞ്ഞു.