ന്യൂഡല്ഹി> വടക്കന് റെയില്വെയുടെ കീഴില് വരുന്ന ഡല്ഹി പഞ്ചാബി ബാഗിലെ റെയില്വെ പ്രിന്റിങ് പ്രസ് അടച്ചുപൂട്ടി ജീവനക്കാരെ പുനര്വിന്യസിക്കാനുള്ള ഉത്തരവ് റെയില്വെ മരവിപ്പിച്ചു.തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം റെയില്വെ മന്ത്രിയായിരുന്ന പീയുഷ് ഗോയലിന് തിങ്കളാഴ്ച കത്തയച്ചതിന് പിന്നാലെയാണ് റെയില്വേ തീരുമാനം മരവിപ്പിച്ചത്|
റെയില്വെയ്ക്ക് കീഴിലുള്ള പ്രിന്റിങ് പ്രസുകള് അടച്ചുപൂട്ടാന് റെയില്വെ ബോര്ഡ് നിര്ദേശിച്ചിരുന്നു. എന്നാല് ഇതിനെതിരായി വലിയ എതിര്പ്പുയര്ന്നു. പ്രിന്റിങ് പ്രസുകള് ഏകപക്ഷീയമായി അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് എളമരം കരീം 2020 ഒക്ടോബറിലും റെയില്വെ മന്ത്രിക്ക് കത്ത് നല്കിയിരുന്നു. അടച്ചുപൂട്ടല് വിഷയത്തില് അന്തിമ തീരുമാനം വരുന്നതിന് മുമ്പായി ജൂണ് 29 നാണ് പഞ്ചാബിബാഗ് പ്രസ് അടച്ചുപൂട്ടാനും ജീവനക്കാരെ പുനര്വിന്യസിക്കാനും വടക്കന് റെയില്വെ ഡിജി ഉത്തരവിട്ടത്.
ഏകപക്ഷീതമായ ഈ തീരുമാനം ജനാധിപത്യ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് കരീം മന്ത്രിക്കയച്ച കത്തില് ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടലിനെതിരായി പ്രതിഷേധം തുടരുകയാണ്. വിഷയത്തില് അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില് പഞ്ചാബിബാഗ് അടയ്ക്കാനുള്ള ഉത്തരവ് അംഗീകരിക്കാനാവില്ല. ജീവനക്കാര് ആശങ്കയിലാണ്. വിഷയത്തില് ഇടപെടണം– മന്ത്രിയ്ക്കുള്ള കത്തില് എളമരം കരീം വ്യക്തമാക്കി.