തിരുവനന്തപുരം
കോളേജ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ പഠനത്തിന് ഏകീകൃത പ്ലാറ്റ് ഫോം ‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസവകുപ്പ്. 100 ദിവസംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐഎച്ച്ആർഡി, എൽബിഎസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാഠ്യപദ്ധതി പരിഷ്കരിക്കും.
ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ച് തയ്യാറാക്കിയ പദ്ധതി എൽഎംഎസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. മൂഡിൽ എലിമന്റ് ഉപയോഗിച്ചാകും ലേണിങ് പ്ലാറ്റ്ഫോം ഒരുക്കുന്നത്.
സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെയും മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികളുടെയും സഹായവും സ്വീകരിക്കും. ഇതിനായുള്ള ശിൽപ്പശാലകൾ ആരംഭിച്ചു. പരിശീലനം ലഭിച്ച അധ്യാപകരെ പദ്ധതിനിർവഹണത്തിന്റെ സാങ്കേതിക വിദഗ്ധരാക്കും. വൈസ് ചാൻസലർമാർ, പരീക്ഷാവിഭാഗം, കോളേജ് പ്രിൻസിപ്പൽമാർ എന്നിവരുടെയും അധ്യാപക–- വിദ്യാർഥി പ്രതിനിധികളുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.