കോഴിക്കോട് > കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം സംശയത്തിന്റെ നിഴലിലാണെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. പ്രവർത്തകരിലാകെ സംശയവും വിശ്വാസക്കുറവുമുണ്ട്. ഇതു പരിഗണിച്ച് പാർടി പ്രവർത്തകരുടെ സംശയം തീരുന്നതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രൻ മാറിനിൽക്കണം. ഹവാല അഴിമതി ആരോപണമുയർന്നപ്പോൾ എൽ കെ അദ്വാനി പദവി ഒഴിഞ്ഞത് മാതൃകയാക്കണം –-‘ദേശാഭിമാനി’ക്ക് അനുവദിച്ച അഭിമുഖത്തിൽ മുകുന്ദൻ പറഞ്ഞു.
കൊടകര കേസ് കോടതിയിലെത്തി. പ്രശ്നത്തിൽ വ്യക്തത വരുന്നതുവരെ പ്രസിഡന്റ് പദത്തിൽനിന്ന് സുരേന്ദ്രൻ മാറിനിൽക്കുന്നതാണ് ബിജെപിക്ക് ഗുണകരം. സുരേന്ദ്രൻ ആ സ്ഥാനത്ത് കടിച്ചുതൂങ്ങരുത്. കൊടകര പണം കടത്തിയ ധർമ്മരാജനുമായി ടെലിഫോണിൽ സുരേന്ദ്രൻ ബന്ധപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ഫോൺ സംഭാഷണം നിഷേധിക്കാൻ സുരേന്ദ്രനാകുമോ? ഇതേവരെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു നിരവധി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കൊടകര കേസിൽ ചോദ്യംചെയ്യൽ എന്തെങ്കിലും കാരണം പറഞ്ഞ് സുരേന്ദ്രൻ നീട്ടിക്കൊണ്ടുപോകുമെന്നാണ് തോന്നുന്നത്. ഹാജരാകുന്നതാണ് നല്ലത്. നേതൃത്വത്തിലും പ്രസ്ഥാനത്തിലും പാർടി പ്രവർത്തകർക്ക് വിശ്വാസം നഷ്ടമായിട്ടുണ്ട്. അവരുടെ വിശ്വാസം ആർജിക്കാനാകുന്ന നേതൃനിര വന്നാലേ ബിജെപിക്ക് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാകൂ.
എല്ലാത്തിനും കാരണക്കാരൻ വി മുരളീധരൻ
ബിജെപി കേരള ഘടകത്തിൽ ഇന്നുള്ള സകല പ്രശ്നങ്ങളുടെയും മൂലകാരണം കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ്. മുകളിൽ നിന്ന് അടിച്ചേൽപ്പിച്ചാണ് മുരളീധരൻ സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തുനിന്നുള്ള അഭിപ്രായങ്ങൾ മാനിക്കാതെ കേന്ദ്രനേതൃത്വത്തിലുള്ള അനന്തകുമാർ, മുരളിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ബിജെപിയെ പിന്തുടരുന്ന ദുരന്തങ്ങൾക്കെല്ലാം കാരണമായത് അന്നത്തെ തെറ്റായ തീരുമാനമാണ്. മുരളിയുടെ പിൻബലത്തിലാണ് സുരേന്ദ്രന്റെ പ്രവർത്തനം, ജനപിന്തുണയില്ല.
സുരേന്ദ്രനാണ് ജനസ്വാധീനമുള്ള നേതാവ് എന്ന് ജേക്കബ് തോമസ് പറഞ്ഞതായി കണ്ടു. എന്നാൽ സി കെ പത്മനാഭനുള്ള ജനസ്വാധീനം സുരേന്ദ്രനില്ല. ജനപിന്തുണയുണ്ടായിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കാണേണ്ടേ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുപോലും കോന്നിയിൽ നിലനിർത്താനായില്ല. ഇക്കാര്യങ്ങളെല്ലാം എല്ലാവരും മനസ്സിലാക്കുമെന്നാണ് കരുതുന്നത് –-പ്രമുഖ ആർഎസ്എസ് നേതാവും ബിജെപി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ മുകുന്ദൻ പറഞ്ഞു.