തിരുവനന്തപുരം > തിരുവനന്തപുരം നഗരസഭയില് എല്ഡിഎഫ് – ബിജെപി ധാരണ എന്ന മലയാള മനോരമയുടെ വാര്ത്ത വസ്തുതാവിരുദ്ധമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്. എല്ഡിഎഫിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് അതിന്റെ വസ്തുതകളോ, ആധികാരികതയോ ഒന്നും നോക്കാതെ വാര്ത്ത നല്കുന്ന മനോരമയുടെ ശൈലി മാധ്യമ പ്രവര്ത്തനത്തിന് തന്നെ അപമാനമാണെന്നും ആനാവൂര് പറഞ്ഞു. ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് മനോരമ വ്യാജവാര്ത്ത.
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയില് കോര്പ്പറേഷനില് നിന്നും 2 വനിതാ, 1 ജനറല് ഉള്പ്പെടെ ആകെ മൂന്ന് അംഗങ്ങള് തെരഞ്ഞടുക്കപ്പെടേണ്ടതുണ്ട്. ഒന്ന്, രണ്ട് എന്നിങ്ങനെയുള്ള മുന്ഗണന വോട്ടാണ് രേഖപെടുത്തേണ്ടത്. തിരുവനന്തപുരം കോര്പ്പറേഷനില് ജനറല് വിഭാഗത്തില് ഒരാളെ മാത്രം തെരഞ്ഞെടുക്കപ്പെടേണ്ടതിനാല് എല്ഡിഎഫിന് 54 മുന്ഗണന വോട്ട് ലഭിക്കാനും എല്ഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെടാനും കഴിയും. വനിത വിഭാഗത്തില് ബിജെപി 35 അംഗങ്ങള് ഉള്ളതിനാല് ഒരാളെ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉണ്ട്. എല്ഡിഎഫ് ഒരാളെ ജയിപ്പിക്കാന് കഴിയും. അതായത് അംഗബലം അനുസരിച്ച് എല്ഡിഎഫിന് 2 പേരെയും ബിജെപിയ്ക്ക് ഒരാളെയും വിജയിപ്പിക്കാന് കഴിയും. രാജ്യസഭാഗംങ്ങളുടെ തിരഞ്ഞെടുപ്പില് കാണുന്ന പോലെ സഭയിലെ അംഗബലമനുസരിച്ചാണ് വിജയസാധ്യത എന്നര്ത്ഥം. ഇതിനെ ആണ് മനോരമ ‘ധാരണ’ എന്ന് വ്യാഖ്യാനിച്ചത്.
നാല് വോട്ടിനോ, രണ്ട് സീറ്റിനോ വേണ്ടി വര്ഗ്ഗീയപാര്ട്ടികളുമായി എല്ഡിഎഫ് കൂട്ട് കൂടില്ല, അത്തരം വര്ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനങ്ങളില് എല്ഡിഎഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടാല് ആ നിമിഷം ആ സ്ഥാനം രാജിവച്ചതാണ് ചരിത്രം. വര്ഗ്ഗീയതയോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും എല്ഡിഎഫ് തയ്യാറല്ല. ഇത് മനോരമയ്ക്ക് അറിയാത്തതല്ല, എന്നാലും വാര്ത്താദാരിദ്ര്യവും, ബിജെപിയോടുള്ള സഹാനുഭൂതിയും നുണ പറയുക എന്ന സഹജവാസനയും കൊണ്ട് നിയന്ത്രിക്കാന് കഴിയാതെ പോയ വസ്തുതാ വിരുദ്ധമായ വാര്ത്ത ആണിത് . ഇതിനെ അതര്ഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നും ആനാവൂര് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
ആനാവൂര് നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘എന്നെ തല്ലണ്ട അമ്മാവാ, ഞാന് നന്നാവൂല്ല ‘ എന്ന് പറഞ്ഞത് പോലെയാണ് മനോരമയുടെ കാര്യവും . എല്ഡിഎഫിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് അതിന്റെ വസ്തുതകളോ, ആധികാരികതയോ ഒന്നും മനോരമ നോക്കില്ല , അത് വാര്ത്തയാക്കുക എന്നതിനാണ് മനോരമയില് ഇന്സന്റീവ് .
ഇന്നത്തെ മനോരമയിലെ ഒരു വാര്ത്തയും ആ രൂപത്തിലുള്ളതാണ്. തിരുവനന്തപുരം നഗരസഭയില് എല്ഡിഎഫ് – ബിജെപി ധാരണ ആണെന്നാണ് മനോരമയിലെ ദോഷൈകദൃക്ക് കണ്ടെത്തിയത്. വാര്ത്തയില് പറയുന്നത് ബിജെപി വൃത്തങ്ങള് നല്കിയ വിവരമാണ് എന്നാണ്. കേരളത്തിലെ ബിജെപി ചെന്ന് പെട്ടിരിക്കുന്ന ഊരാക്കുടുക്ക് നമുക്കറിയാം, വളഞ്ഞ കുഴല് നിവര്ത്താന് പതിനെട്ടടവും പയറ്റുകയാണ് ആ പാര്ട്ടി . തിരുവനന്തപുരത്തെ ബിജെപിയും പ്രതിസന്ധിയിലാണ്. അങ്ങനെ രാഷ്ട്രീയമായി അപ്രസക്തമായ ബിജെപിയ്ക്ക് അല്പം ഊര്ജ്ജം പകരാനുള്ള ഭഗീരഥ പ്രയത്നമാണ് മനോരമ നടത്തുന്നത്. മനോരമയുടെ ഈ ചെപ്പടിവിദ്യയില് ജനങ്ങള് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഈ കുറിപ്പ്.
എന്താണ് മനോരമ വാര്ത്തയുടെ സത്യാവസ്ഥ . 28.04.2016 ലെ SRO No. 352/2016 വിജ്ഞാപനം അനുസരിച്ച് 1995 ലെ ജില്ലാ ആസൂത്രണ കമ്മിറ്റി( അംഗങ്ങളുടെ തെരഞ്ഞെടുപ്പും യോഗ നടപടി ക്രമവും) ചട്ടങ്ങള് ഭേദഗതി ചെയ്തു. അതനുസരിച്ച് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചുള്ള ഒറ്റകൈമാറ്റവോട്ട് രീതിയില് (സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പോലെ )ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കും.
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയില് കോര്പ്പറേഷനില് നിന്നും 2 വനിതാ, 1 ജനറല് ഉള്പ്പെടെ ആകെ മൂന്ന് അംഗങ്ങള് തെരഞ്ഞടുക്കപ്പെടേണ്ടതുണ്ട്. അതില് വനിതയുടെ തെരഞ്ഞെടുപ്പ് ആദ്യവും തുടര്ന്ന് ജനറല് തെരഞ്ഞെടുപ്പും നടക്കും.
ഒന്ന്, രണ്ട് എന്നിങ്ങനെയുള്ള മുന്ഗണന വോട്ടാണ് രേഖപെടുത്തേണ്ടത്. ഒന്നില് കൂടുതല് മുന്ഗണന ഒരാള്ക്ക് രേഖപെടുത്താന് പാടില്ല. ഏറ്റവും കൂടുതല് ഒന്നാം മുന്ഗണന ലഭിക്കുന്നയാള് തെരഞ്ഞെടുക്കപ്പെടും. ഒന്നാം മുന്ഗണന തുല്യമായാല് രണ്ടാം മുന്ഗണന പരിഗണിക്കും.
തിരുവനന്തപുരം കോര്പ്പറേഷനില് ജനറല് വിഭാഗത്തില് ഒരാളെ മാത്രം തെരഞ്ഞെടുക്കപ്പെടേണ്ടതിനാല് എല്ഡിഎഫിന് 54 മുന്ഗണന വോട്ട് ലഭിക്കാനും എല്ഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെടാനും കഴിയും. വനിത വിഭാഗത്തില് ബിജെപിയ്ക്ക് 35 അംഗങ്ങള് ഉള്ളതിനാല് ഒരാളെ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉണ്ട്. എല്ഡിഎഫ് ഒരാളെ ജയിപ്പിക്കാന് കഴിയും. അതായത് എല്ഡിഎഫിന്റെ ഭരണസമിതിയിലെ അംഗബലം അനുസരിച്ച് 2 പേരെ വിജയിപ്പിക്കാന് കഴിയും. ബിജെപിയ്ക്ക് ഒരാളെയും . രാജ്യസഭാഗംങ്ങളുടെ തിരഞ്ഞെടുപ്പില് കാണുന്ന പോലെ സഭയിലെ അംഗബലമനുസരിച്ചാണ് വിജയസാധ്യത എന്നര്ത്ഥം. ഇതിനെ ആണ് മനോരമ ‘ധാരണ’ എന്ന് വ്യാഖ്യാനിക്കുന്നത്.
എല്ഡിഎഫ് അതിന്റെ നിലപാട് പലയാവര്ത്തി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് വോട്ടിനോ, രണ്ട് സീറ്റിനോ വേണ്ടി വര്ഗ്ഗീയപാര്ട്ടികളുമായി കൂട്ട് കൂടില്ല, അത്തരം വര്ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനങ്ങളില് എല്ഡിഎഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടാല് ആ നിമിഷം ആ സ്ഥാനം രാജിവച്ചതാണ് ചരിത്രം . വര്ഗ്ഗീയതയോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും എല്ഡിഎഫ് തയ്യാറല്ല. ഇത് മനോരമയ്ക്ക് അറിയാത്തതല്ല, എന്നാലും വാര്ത്താദാരിദ്ര്യവും, കുഴലില്പെട്ടവരോടുള്ള സഹാനുഭൂതിയും സഹജവാസനയും കൊണ്ട് നിയന്ത്രിക്കാന് കഴിയാതെ പോയ ഒരു അടിസ്ഥാനരഹിത വാര്ത്ത ആണിത് . ഇതിനെ അതര്ഹിക്കുന്ന അവജ്ഞയോടെ തള്ളികളയണം എന്ന് ബഹുജനങ്ങളോട് അഭ്യര്ത്ഥിക്കുന്നു.