തലശേരി > ഫസൽ വധത്തിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ആർഎസ്എസ്സിന്റെ മുഖംമൂടി അഴിയുന്നു. കൊലപാതകം നടത്തി കേസിൽനിന്ന് രക്ഷപ്പെടാനുള്ള പതിനെട്ടടവും പയറ്റിയ ആർഎസ്എസ്സിലേക്കാവും ഇനി അന്വേഷണം. പതിനഞ്ച് വർഷത്തിനുശേഷമാണ് അത് സംഭവിക്കുന്നതെന്നുമാത്രം.
കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസിലും ഇതേ അടവ് ആർഎസ്എസ് പയറ്റിയതാണ്. ചില മാധ്യമങ്ങളുടെ സഹായത്തോടെ അന്നും പരമാവധി ശ്രമിച്ചു. തങ്ങൾക്ക് ബന്ധമില്ലെന്ന് സ്ഥാപിക്കാൻ പൊലീസ് സ്റ്റേഷൻ മാർച്ചും സമരങ്ങളും നടത്തി. മാഹി പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ചെമ്പ്രയിലെ പ്രഭീഷ്കുമാർ, പള്ളൂർ അറവിലകത്ത്പാലത്തെ മൾട്ടി പ്രജി അടക്കമുള്ളവരെ പിടിച്ചതോടെയാണ് ആർഎസ്എസ്സിന്റെ നാവടങ്ങിയത്. കെ പി ജിജേഷ് വധക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രഭീഷിനെ ഇന്റർപോളിന്റെ സഹായത്തോടെ പിടിച്ച് ജയിലിലടച്ചിരിക്കുകയാണിപ്പോൾ. ഫസൽവധത്തിൽ പങ്കെടുത്ത പ്രഭീഷ് ഉൾപ്പെടെയുള്ളവരുടെ പേര് സുബീഷിന്റെ കുറ്റസമ്മതമൊഴിയിലുണ്ട്.
പടുവിലായി മോഹനൻ വധക്കേസിൽ പിടിയിലായപ്പോഴാണ് താൻ നടത്തിയ കൊലപാതകങ്ങൾ സുബീഷ് അന്വേഷകസംഘത്തിനുമുന്നിൽ എണ്ണിപ്പറഞ്ഞത്. ആയുധം ഏൽപ്പിച്ചതായി കുറ്റസമ്മത മൊഴിയിൽ പറയുന്ന പാറാൽ ആച്ചുക്കുളങ്ങരയിലെ തിലകൻ പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇരിങ്ങാലക്കുടക്കാരൻ പ്രചാരകനായിരുന്നു മുഖ്യ സൂത്രകൻ. ആർഎസ്എസ്സും എൻഡിഎഫുകാരും തമ്മിലുള്ള ശത്രുതയെക്കുറിച്ച് കുറ്റപത്രത്തിലും വിശദമാക്കുന്നുണ്ട്.
ഇതിനും മുമ്പ് സംഘപരിവാറിൽനിന്നുതന്നെ വിവരങ്ങൾ ചോർന്നുകിട്ടിയിരുന്നു. മാടപ്പീടികയിലെ ഷിനോജുമായുള്ള ഫോൺ സംഭാഷണവും ജയിലിൽവച്ച് നടത്തിയ മനസ്സുതുറക്കലും കൃത്യം നടത്തിയത് ആർഎസ്എസ്സാണെന്ന് സ്ഥാപിക്കുന്നതായിരുന്നു. കുറ്റസമ്മതമൊഴിയോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായെന്നുമാത്രം.
ഫസൽവധം മാത്രമല്ല, ജി പവിത്രനെ കൊന്നതടക്കം കുപ്പി സുബീഷ് കുറ്റസമ്മതമൊഴിയിൽ ഏറ്റുപറഞ്ഞു. ഇതിൽ പവിത്രൻ കേസിൽ തുടരന്വേഷണം നടത്തി പ്രതിയാക്കി. ഫസൽ കേസിൽ ലഭിച്ച വിവരങ്ങൾ ഡിജിപി മുഖേന സിബിഐ ഡയറക്ടർക്ക് കൈമാറി.