മൂവാറ്റുപുഴ > പോക്സോ കേസിൽ ഇരയ്ക്കുവേണ്ടി സംസാരിക്കാൻ തയ്യാറാകാത്ത മാത്യു കുഴൽനാടൻ എംഎൽഎ സ്ത്രീവിരുദ്ധനിലപാട് തിരുത്തി പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ നടത്തിയ ജനകീയവിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിബോധമില്ലാതെ പെരുമാറുന്ന എംഎൽഎ സ്ത്രീവിരുദ്ധനിലപാട് സ്വീകരിക്കുകയാണ്. കോൺഗ്രസിലെ ഉന്നതനേതാക്കൾക്കെതിരെവരെ നിലപാടെടുത്തിട്ടുള്ള ഇദ്ദേഹം, പോക്സോ കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ സംഘടനയിൽനിന്ന് മാറ്റിനിർത്താനാണ് തയ്യാറാകേണ്ടത്. പക്ഷേ, വേട്ടക്കാരനെ സഹായിക്കുകയാണ് ചെയ്തുവരുന്നത്. ജനപ്രതിനിധി എന്നനിലയിൽ ജനങ്ങളുടെ നീതിബോധത്തെ വെല്ലുവിളിക്കാതെ സ്ത്രീവിരുദ്ധനിലപാട് അവസാനിപ്പിക്കണം. പ്രതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ തയ്യാറാകണം. തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും റഹിം പറഞ്ഞു.
പോക്സോ കേസിൽ ജാമ്യാപേക്ഷ നൽകിയ മാത്യു കുഴൽനാടൻ, പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. പ്രതിയുടെ ഒപ്പം ചേർന്ന് നാടിനെ അപമാനിച്ച എംഎൽഎയ്ക്കുവേണ്ടി പ്രകടനം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ മറക്കുന്നത് ഇരയായ പെൺകുട്ടിയെയാണെന്നും സതീഷ് പറഞ്ഞു.
നെഹ്റു പാർക്കിൽ നടത്തിയ ജനകീയവിചാരണയിൽ ജില്ലാ കമ്മിറ്റി അംഗം ഷിജോ അബ്രഹാം അധ്യക്ഷനായി. കുഴൽനാടനെതിരെയുള്ള കുറ്റപത്രം ജില്ലാ സെക്രട്ടറി എ എ അൻഷാദ് വായിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി രതീഷ്, പ്രിൻസി കുര്യാക്കോസ്, സിപിഐ എം ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിൻ പി മൂസ, ട്രഷറർ എം എ റിയാസ് ഖാൻ എന്നിവർ പങ്കെടുത്തു.