ദിലീപ്കുമാറിന്റെ ജീവിതകഥയെഴുതാൻ അവസരം ലഭിച്ചത് മലയാളിക്ക്. സിനിമാ പ്രസിദ്ധീകരണമായ സ്ക്രീൻ വീക്ക്ലിയുടെ പത്രാധിപരായ ഉദയതാര നായർക്കായിരുന്നു ആ ബഹുമതി.
ബാന്ദ്രയിലെ സിനിമാ താരങ്ങളുടെ താവളമായ പാലിഹില്ലിലെ ബംഗ്ലാവിൽ സൈറാബാനുവുമൊത്തുള്ള ദിലീപിന്റെ ഇതിഹാസസമാനമായ ദാമ്പത്യപ്രണയം തുടരവെയാണ്, അദ്ദേഹത്തിന്റെ ജീവിത കഥയെഴുതാൻ നിയോഗമുണ്ടായത്. രണ്ടു പതിറ്റാണ്ടായി ദിലീപുമായുണ്ടായ സൗഹൃദം അതിനൊരു ആധികാരികത നൽകി. സൈറയുടെ നിർബന്ധവുമുണ്ടായി. “ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ’ അങ്ങനെ പിറന്നു.
തിരുവനന്തപുരം കോർപറേഷൻ കമീഷണറായ വെള്ളയമ്പലം അയ്യപ്പൻ പിള്ളയുടെ മകളാണ് ഉദയതാര. കുടുംബം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. പിതൃസഹോദരൻ എസ് എസ് പിള്ള “സ്ക്രീൻ’എ ഡിറ്ററായിരിക്കെ, 1967ൽ പത്രപ്രവർത്തകയായി. 88ൽ എഡിറ്ററും. രണ്ടായിരത്തിൽ വിരമിച്ച ശേഷമാണ് ദിലീപിന്റെ ആത്മകഥാരചനയിൽ സഹായിയായത്.
ബോളിവുഡിലെ പല അപൂർവ സംഭവവികാസങ്ങളും അതിലുണ്ട്. ചില ഊഹാപോഹങ്ങളും ഗോസിപ്പുകളും തിരുത്തപ്പെട്ടു. രാജ്കപൂറുമായുള്ള ദിലീപിന്റെ ബന്ധം അത്തരത്തിലുള്ളത്..അവർ തമ്മിൽ ശത്രുതയാണെന്ന് മാധ്യമങ്ങൾ എഴുതിയെങ്കിലും ഉദയതാര നിഷേധിച്ചു. രാജ്കപൂറും സഹോദരൻ നാസിർ ഖാനും മരിച്ചപ്പോഴാണ് ദിലീപ് പൊട്ടിക്കരയുന്നത് കണ്ടതെന്ന് സാക്ഷ്യപ്പെടുത്തി.