കൊച്ചി: പുതുക്കിയ മിനിമംകൂലി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സിന് നൽകിയ നോട്ടീസിൽനിന്ന് തൊഴിൽവകുപ്പ് പിന്മാറി. നടപടി കോടതിയലക്ഷ്യമാണെന്ന കിറ്റക്സിന്റെ വക്കീൽ നോട്ടീസിന് പിന്നാലെയാണ് തൊഴിൽവകുപ്പിന്റെ പിന്മാറ്റം.
പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ ജൂൺ മുപ്പതിനാണ്, പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് കിറ്റക്സിന് നോട്ടീസ് നൽകിയത്. ഈ നോട്ടീസ് ആണ് മരവിപ്പിച്ചിരിക്കുന്നത്. 2019-ലെ മിനിമം കൂലി ശുപാർശകൾ നടപ്പിലാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നോട്ടീസ്.
എന്നാൽ ഈ ഉത്തരവ് 2021 മാർച്ച് മാസത്തിൽ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റക്സ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി സ്റ്റേയെ കുറിച്ച് അറിഞ്ഞില്ലെന്ന് കാണിച്ചാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ നടപടിയിൽനിന്ന് പിന്മാറിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനുമേൽ കോടതി അന്തിമതീർപ്പിനു വിധേയമായായിരിക്കും തുടർ നടപടികൾ എന്നും അസിസ്റ്റന്റ് ലേബർ കമ്മിഷണറുടെ ഉത്തരവിൽ സൂചിപ്പിക്കുന്നു.
content highlights: revised minimum pay: labour department stay back from notice oissued to kitex