കൊച്ചി: സിപിഎം നേതാക്കളായ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും മുഖ്യപ്രതികളായ തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
കേസിൽ അറസ്റ്റിലായിട്ടുള്ളത് യഥാർത്ഥ പ്രതികളല്ലെന്ന് ആരോപിച്ചാണ് ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചത്. ആർഎസ്എസ് പ്രവർത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ് തുടരന്വേഷണ ഹർജിക്ക് കാരണമായത്.
കണ്ണവം പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായപ്പോഴാണ് സുബീഷ് വെളിപ്പെടുത്തൽ നടത്തിയത്. താനുൾപ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യം സിബിഐകോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ തങ്ങൾ സമർപ്പിച്ച കുറ്റപത്രത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി സമർത്ഥിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയത്.
ഫസലിന്റെ സഹോദരൻ സത്താർ പ്രതികൾക്കൊപ്പം ചേർന്നതിന്റെ തെളിവാണ് തുടരന്വേഷണ ഹർജിയെന്നും സിബിഐ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നത്. ഫസലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊലപാതക കേസ് സിബിഐക്ക് കൈമാറിയത്.
കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. 2006 ഒക്ടോബർ 22-നാണ് ഫസൽ കൊല്ലപ്പെട്ടത്.