കൊല്ലം> ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ആറാം അഡീഷണൽ സെക്ഷൻസ് ജഡ്ജി എം മനോജ് മുമ്പാകെ ചൊവ്വാഴ്ച പ്രോസിക്യൂഷൻ വാദംനടന്നു. രണ്ടു തവണ പാമ്പുകടിയേറ്റപ്പോഴും ഉത്രയ്ക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വാദിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ കോടതി മുമ്പാകെ നിരത്തി.
ഉത്രയുടെ അഞ്ചലിലെ വീട്ടിലേക്ക് 2020 മെയ് ആറിന് സൂരജ് കറുത്ത ഷോൾഡർ ബാഗുമായാണ് വന്നത്. ഷോൾഡർബാഗ് തന്റേതല്ലെന്ന് സൂരജ് പറഞ്ഞിരുന്നു. ഏപ്രിൽ 24ന് പകൽ 11.30ന് അതേ ഷോൾഡർ ബാഗുമായെത്തി സൗത്ത് ഇന്ത്യൻബാങ്കിന്റെ ഏഴംകുളത്തെ എടിഎമ്മിൽനിന്ന് സൂരജ് പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു.
പാമ്പു പിടിത്തക്കാരൻ ചാവർകാവ് സുരേഷ് 24നാണ് സൂരജിന് പാമ്പിനെ നൽകിയത്. പാമ്പിനെ കൊണ്ടുപോകാൻ ഉപയോഗിച്ച ബാഗാണ് മെയ് ആറിന് അഞ്ചലിലെ ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നുരാത്രിയിലാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. പതിവില്ലാതെ മെയ് ഏഴിന് അതിരാവിലെ ഉറക്കമുണർന്ന സൂരജ് ഉത്ര മരിച്ചുകിടക്കുന്നത് കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. അഞ്ചൽ സെന്റ്ജോർജ് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടിഡോക്ടർ പരിശോധിക്കുന്നതിനു മുമ്പുതന്നെ ഉത്രയുടെ കൈയിൽ പാമ്പുകടിച്ച പാടുണ്ടെന്ന് സൂരജ് പറഞ്ഞു.
തുടർന്ന് ഉത്രയുടെ സഹോദരനോടൊപ്പം വീട്ടിലെത്തിയ സൂരജ് കിടപ്പുമുറിക്ക് സമീപത്തെ മുറിയിലെ അലമാരയ്ക്കിടയിൽ പാമ്പുണ്ടെന്ന് കാട്ടിക്കൊടുത്തു. എന്നാൽ, പാമ്പിനെ പിടികൂടാൻ സൂരജ് തയ്യാറായില്ല.
ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. എന്നാൽ, സംഭവിച്ച കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കാൻ സൂരജ് തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി.