ഒളിമ്പിക്സ് ടീമിൽ മലയാളിവനിതകൾ ഇല്ലാത്തതിനെക്കുറിച്ച് ലോങ്ജമ്പിലെ ലോക മെഡൽ ജേത്രിയായ അഞ്ജു ബോബി ജോർജിന്റെ പ്രതികരണം ഒറ്റവാക്കിലായിരുന്നു– -ട്രാജഡി അഥവാ ദുരന്തം.
45 വർഷത്തിനുശേഷം ആദ്യമാണ് ഈ ദുരന്തം. 1976ലെ മോൺട്രിയൽ ഒളിമ്പിക്സിൽ മലയാളിവനിതകൾ ഇല്ലായിരുന്നു. 1980ൽ മോസ്കോയിൽ പി ടി ഉഷയോടെയാണ് തുടക്കം. 2016 റിയോ ഒളിമ്പിക്സ് വരെ കേരളം സാന്നിധ്യമറിയിച്ചു. 41 വർഷത്തിനിടെ 18 മലയാളിവനിതകൾ ഇന്ത്യക്കായി അണിനിരന്നു.
പി ടി ഉഷയും (1980, 1984, 1988, 1996) ഷൈനി വിത്സനുമാണ് (1984, 1988, 1992, 1996) കൂടുതൽ ഒളിമ്പിക്സുകളിൽ പങ്കെടുത്തത്. കെ എം ബീനാമോൾക്ക് മൂന്ന് ഒളിമ്പിക്സുണ്ട് (1996, 2000, 2004). അഞ്ജു ബോബി ജോർജ് 2004ലും 2008ലും ഉണ്ടായിരുന്നു. ടിന്റു ലൂക്ക 2012, 2016 ഒളിമ്പിക്സുകളിൽ ട്രാക്കിലിറങ്ങി. കെ സി റോസക്കുട്ടിക്കും (1996, 2000) ചിത്ര കെ സോമനും (2004, 2008) രണ്ട് ഒളിമ്പിക്സുണ്ട്.
എം ഡി വത്സമ്മ (1984), മേഴ്സി കുട്ടൻ (1988), ജിൻസി ഫിലിപ്, മഞ്ജിമ കുര്യാക്കോസ് (ഇരുവരും 2000), ബോബി അലോഷ്യസ് (2004), സിനി ജോസ്, പ്രീജ ശ്രീധരൻ (2008), മയൂഖ ജോണി (2012), ജിസ്ന മാത്യു, ഒ പി ജയ്ഷ, അനിൽഡ തോമസ് (2016) എന്നിവരും ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു.
ഇക്കുറി മിക്സഡ് റിലേ ടീമിൽ വി കെ വിസ്മയയും ജിസ്നമാത്യുവും ഉൾപ്പെടുമെന്ന് കരുതിയതാണ്. എന്നാൽ ട്രയൽസിൽ പരാജയപ്പെട്ടു.