ഇംഗ്ലണ്ട് ടീമിലെ മൂന്ന് കളിക്കാരും നാല് സപ്പോർട്ടിങ് സ്റ്റാഫുകളും ഉൾപ്പടെ ഏഴു അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ പരമ്പരയ്ക്ക് പുതിയ ടീമിനെ പ്രഖ്യാപിച്ചു. ഒമ്പത് പുതിയ കളിക്കാർ ഉൾപ്പടെ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്‌സാണ് പാക്കിസ്ഥാനെതിരെ ടീമിനെ നയിക്കുക. മത്സരം തുടങ്ങാൻ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച ബ്രിസ്റ്റോളിൽ വെച്ചു നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴു പേർ പോസിറ്റീവായത്. മൂന്ന് താരങ്ങളും നാല് മാനേജ്‍മെന്റ് അംഗങ്ങളും പോസിറ്റീവ് ആയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.
എന്നാൽ പോസിറ്റീവ് ആയ താരങ്ങൾ ആരാണെന്നത് സംബന്ധിച്ച വിവരങ്ങൾ ബോർഡ് പുറത്തുവിട്ടിട്ടില്ല. നിലവിൽ നടക്കുന്ന ടി20 ടൂർണമെന്റും തുടങ്ങാനിരിക്കുന്ന പാക്കിസ്ഥാൻ പരമ്പരയും മാറ്റമില്ലാതെ നടക്കുമെന്നും പരമ്പരയ്ക്ക് ഓയിൻ മോർഗന് പകരം ബെൻ സ്റ്റോക്‌സായിരിക്കും ടീമിനെ നയിക്കുക എന്നും പ്രസ്‌താവനയിൽ വ്യകതമാക്കിയിരുന്നു അതിനു പിന്നാലെയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
പോസിറ്റീവ് ആയവർ യുകെ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പ്രകാരം ജൂലൈ നാലു മുതൽ ഐസൊലേഷനിൽ ആണെന്നും അവരുമായി സമ്പർക്കത്തിൽ വന്നവരും ക്വാറന്റൈനിൽ പോയിട്ടുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
Read Also: ലങ്കൻ പരമ്പരയിൽ ധവാൻ റൺസ് നേടണം; അല്ലാതെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കില്ല: ലക്ഷ്മൺ
പാക്കിസ്ഥാന് എതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് കളിക്കുക. ജൂലൈ എട്ടിന് ബ്രിസ്റ്റോളിലാണ് ആദ്യ മത്സരം. ഐപിഎല്ലിൽ വിരലിനു പരുക്കേറ്റ് ചികിത്സയിലായിരുന്ന ബെൻ സ്റ്റോക്സിന്റെ തിരിച്ചുവരവാണ് ഇത്. കഴിഞ്ഞ ദിവസം അവസാനിച്ച ശ്രീലങ്കൻ പരമ്പരയിൽ ടീമിൽ നിന്നും വിട്ടു നിന്ന മുഖ്യ പരിശീലകൻ ക്രിസ് സിൽവേർവൂഡ് ആയിരിക്കും പാക്കിസ്ഥാൻ പരമ്പരയിൽ പരിശീലകൻ.
പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്ക്ക് ബോൾ, ഡാനി ബ്രിഗ്സ്, ബ്രൈഡൻ കർസേ, സാക് ക്രൗളി, ബെൻ ഡാകേറ്റ്, ലൂയിസ് ഗ്രിഗറി, ടോം ഹെല്മ, വിൽ ജാക്ക്‌സ്, ഡാൻ ലോറൻസ്, സാഖിബ് മഹ്മൂദ്, ഡേവിഡ് മലാൻ, ക്രെയ്ഗ് ഓവർടൺ, മാറ്റ് പാർക്കിൻസൺ, ഡേവിഡ് പെയ്ൻ, ഫിൽ സാൾട്ട്, ജോൺ സിംപ്സൺ, ജെയിംസ് വിൻസ്
The post ഏഴ് പേർക്ക് കോവിഡ്; പാക്കിസ്ഥാൻ പരമ്പരയ്ക്ക് പുതിയ ടീമുമായി ഇംഗ്ലണ്ട് appeared first on Indian Express Malayalam.