തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ദിവസങ്ങൾ കൊണ്ട് പതിനെട്ട് കോടി സമാഹരിച്ച കേരളത്തിന്റെ കാരുണ്യം ദേശീയതലത്തിൽപോലും ശ്രദ്ധ നേടിയിരിക്കുകയാണ്. ഒന്നര വയസ്സുകാരൻ മുഹമ്മദിന് വേണ്ടി കേരളം ഒന്നാകെ കൈകോർത്തപ്പോൾ അതിൽ മുന്നിൽ നിന്ന ഒരാളുണ്ട്, നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ മഠത്തിൽ ഷാജി.
ഒരു കോടി രൂപയാണ് ഷാജിയും സുഹൃത്തുക്കളും ചേർന്ന് മുഹമ്മദിനായി സമാഹരിച്ചത്. എന്നാൽ പണം അയക്കാൻ ഒരുങ്ങുമ്പോഴേക്കും മുഹമ്മദിനുള്ള പതിനെട്ട് കോടി ലഭിച്ചതായി വിവരം വന്നു. മുഹമ്മദിന് വേണ്ടി സമാഹരിച്ച ആ ഒരു കോടി രൂപ ഇനി എന്തുചെയ്യും? ദുബായിയിലെ ABRECO ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡിയായ ഷാജി ഇതിന് ഉത്തരം നൽകുകയാണ്. മാതൃഭൂമി ന്യൂസിന്റെ ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയിലാണ് ഷാജി എത്തിയത്.
സ്വന്തം കമ്പനിയിലെ ജീവനക്കാർ അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ചികിത്സാ സഹായം ചോദിച്ചുള്ള വീഡിയോ പങ്കുവെച്ചത്. 750 ഓളം പേരാണ് വിവിധ ഗ്രൂപ്പുകളിലായുള്ളത്. ഇത്രയും ആളുകൾ ചേർന്നാൽ ഒരു കോടിയെങ്കിലും നൽകാനാവുമെന്ന മെസേജാണ് ഞാൻ വീഡിയോയിൽ പറഞ്ഞത്. ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ എല്ലാവരും സഹകരിച്ചു. കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടത് മുഹമ്മദിനായി 1 കോടി 12 ലക്ഷം രൂപ ഞങ്ങൾ സമാഹരിച്ചുവെന്നാണ്. എന്നാൽ ഇത് അയക്കാനായി നോക്കുമ്പോഴാണ് കേരളത്തിൽനിന്നുള്ള ആ വാർത്ത വന്നത്, ചികിത്സയ്ക്കുള്ള 18 കോടി തികഞ്ഞിരിക്കുന്നു. അപ്പോൾ പിന്നെ സംശയമായി, സമാഹരിച്ച പണം എന്തുചെയ്യും?
ആശങ്കയിലിരിക്കുമ്പോഴാണ് സമാനമായ മൂന്ന് കേസുകൾ കൂടി ശ്രദ്ധയിൽപ്പെട്ടത്. പെരിന്തൽമണ്ണയിലുള്ള ഇമ്രാൻ, ലക്ഷദ്വീപിലുള്ള നാസർ, ഈറോഡുള്ള മൈത്ര..മൂന്ന് കുട്ടികൾക്കും ഇതേ അപൂർവരോഗമാണ്. അതുകൊണ്ട് ഞങ്ങൾ ശേഖരിച്ച ഈ മുഴുവൻ തുകയും ഇവർക്ക് മൂന്നുപേർക്കും കൂടി വീതിച്ച് നൽകാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇന്നോ നാളെയോ ആയി പണം അയക്കാനാണ് തീരുമാനം.- ഷാജി പറഞ്ഞു.
content highlights: one crore rupees raised for SMA victim Muhammeds treatment will be given to other 3 kids