നിലമ്പൂര് > അപൂര്വരോഗം ബാധിച്ച കണ്ണൂര് മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് കാരുണ്യ കരങ്ങള്നീട്ടി നിലമ്പൂര് സ്വദേശിയായ പ്രവാസി വ്യവസായി. മഠത്തില് മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിലുള്ള അബ്രക്കോ ഗ്രൂപ്പിലെ ജീവനക്കാരും മാനേജ്മെന്റും ഒറ്റദിവസംകൊണ്ട് സ്വരൂപിച്ചത് കോടിയിലേറെ രൂപ. മുഹമ്മദിന്റെ ചികിത്സാസഹായനിധി അക്കൗണ്ട് അവസാനിപ്പിച്ചതോടെ ബാക്കി വന്ന 1.12 കോടി സ്പൈനല് മസ്കുലാര് അട്രോഫിയെന്ന അസുഖം ബാധിച്ച മൂന്ന് കുട്ടികള്ക്കായി കൊടുക്കും. ഈറോഡിലെ മൈത്ര, അങ്ങാടിപ്പുറത്തെ ഇമ്രാന് മുഹമ്മദ്, ലക്ഷദ്വീപിലെ നാസറിന്റെ നാല് മാസം പ്രായമുള്ള മകള് എന്നിവര്ക്കാണ് തുക വീതിച്ചുനല്കുകയെന്ന് ഷാജി പറഞ്ഞു.
മുഹമ്മദിന്റെ ചികിത്സാ സഹായത്തിനായി ജീവനക്കാരോട് സഹായം അഭ്യര്ഥിച്ച് തിങ്കളാഴ്ചയാണ് ഷാജി ഫേസ്ബുക്ക് വീഡിയോയിട്ടത്. ഇന്ത്യയ്ക്ക് പുറമെ ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 750ഓളം ജീവനക്കാര് അതേറ്റെടുത്തു. ആദ്യദിവസം സഹായനിധി അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു. അത് എത്രയെന്ന് അറിയില്ല. അക്കൗണ്ട് അവസാനിപ്പിച്ചതോടെ പിരിച്ചെടുത്ത പണം ജീവനക്കാര് ഷാജിയെ ഏല്പ്പിക്കുകയായിരുന്നു.
ദുബായിയിലെ അബ്രക്കൊ ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനും സിഇഒയുമാണ് മുഹമ്മദ് ഷാജി. കണ്ടെയ്നര് ഷിപ്പിങ് മേഖലയിലും കറന്സി എക്സ്ചേഞ്ച് വിപണിയിലും വ്യാപിച്ചുകിടക്കുന്നതാണ് കമ്പനി. ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമാണ്. ലൂക്കാ സോക്കര് ക്ലബ്ബിന്റെ സഹ ഉടമയും ദുബായില് ചുവടുറപ്പിക്കുന്ന ടുഡോ മാര്ട്ടിന്റെ സ്ഥാപകനുമാണ്.