കാസര്കോട്> പാര്ടിയില് തന്നെ വിമര്ശിക്കുന്നവരെ വെറുതെവിടില്ലെന്ന് മുന്നറിയിപ്പുനല്കി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സംസ്ഥാന നേതൃയോഗത്തില് അധ്യക്ഷ പ്രസംഗത്തിലാണ് മുതിര്ന്ന നേതാക്കളെ മുന്നിലിരുത്തിയുള്ള മുന്നറിയിപ്പ്. കോണ്ഗ്രസല്ല ബിജെപിയെന്നും അച്ചടക്ക ലംഘനം നടത്തുന്നവര്ക്കെതിരെ നടപടിയെടുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ് യോഗം ചേര്ന്നത്.
വിമര്ശനത്തിന് തടയിടാനുള്ള സുരേന്ദ്രന്റെ ശ്രമം വിലപോയില്ലെന്നാണ് ചര്ച്ച തെളിയിച്ചത്. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച മറുപക്ഷം, കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചതും വിഷയമാക്കി. മഞ്ചേശ്വരത്ത് സ്ഥാനാര്ഥിത്വം പിന്വലിക്കാന് കെ സുന്ദരയ്ക്ക് പണം നല്കിയ സംഭവം പുറത്തായത് പാര്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്ശനമുണ്ടായി.
കെ സുരേന്ദ്രനും വി മുരളീധരനും ജയ് വിളിക്കുന്നവരെ മാത്രമാണ് പാര്ടിയില് വേണ്ടതെങ്കില് രാജിവച്ച് മാറിനില്ക്കാമെന്ന് ചില നേതാക്കള് ചര്ച്ചയില് പറഞ്ഞു. 35 സീറ്റും ഭരണവുമെന്ന സുരേന്ദ്രന്റെ നിലപാട് എതിരാളികളെ ഏകോപിപ്പിച്ചെന്നും നേമം, കഴക്കൂട്ടം, കാട്ടാക്കട, പാലക്കാട് മണ്ഡലങ്ങളിലെ പരാജയം സുരേന്ദ്രന്റെ നിലപാടുമൂലമാണെന്നും ചില നേതാക്കളെ പുകച്ചു പുറത്തുചാടിക്കാന് സുരേന്ദ്രന് ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ടായി.
ആര്എസ്എസ് സൈദ്ധാന്തികന് ബാലശങ്കര് സംഘടനയെ ഒറ്റുകൊടുത്തതായി ചെങ്ങന്നൂരില് ബിജെപി സ്ഥാനാര്ഥിയായിരുന്ന ഗോപന് പറഞ്ഞു. ദേശീയ ഓര്ഗനൈസിങ് സെക്രട്ടറി ബി എല് സന്തോഷ് കേരളത്തിലെ സ്ഥാനാര്ഥി നിര്ണയവും ഒരുക്കങ്ങളും വൈകിപ്പിച്ചുവെന്ന് വിമര്ശനം ഉയര്ന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരസ്പരം ഏറ്റുമുട്ടി.
പാര്ടിയില് അടിമുടി അഴിച്ചുപണിയുണ്ടാകുമെന്ന് കെ സുരേന്ദ്രന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. ഇതിന് മുന്നോടിയായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് മുഴുവന് നിയോജകമണ്ഡലങ്ങളിലും സന്ദര്ശനം നടത്തും. സംസ്ഥാന ജനറല് സെക്രട്ടറിമാരായ എം ടി രമേശ്, സി കൃഷ്ണകുമാര്, പി സുധീര്, ജോര്ജ് കുര്യന്, വൈസ് പ്രസിഡന്റ് എ എന് രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘങ്ങള്.
ഹാജരാകുന്നത് തീരുമാനിച്ചിട്ടില്ലെന്ന് സുരേന്ദ്രന്
കാസര്കോട്
കൊടകര കുഴല്പ്പണക്കേസില് ചോദ്യംചെയ്യലിന് ഹാജരാകുന്ന ദിവസം തീരുമാനിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്. സിപിഐ എമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് കേസുകളെന്നും മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.