കൊച്ചി: കരിപ്പുർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയ അർജുൻ ആയങ്കിയെഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട്കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന്അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.
കരിപ്പുർ സ്വർണക്കടത്തിന് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയിൽ കസ്റ്റംസ് നൽകിയകസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. കേസിൽ പരോളിൽ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ ആളുകളാണെന്ന്സോഷ്യൽ മീഡിയയിൽ കാണിച്ച് യുവാക്കളെ ആകർഷിച്ചു. സാമൂഹിക വിരുദ്ധപ്രവർത്തനത്തിന് ഉപയോഗിച്ചു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ അർജുൻ ആയങ്കിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അർജുൻ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാൽ ഷാഫി നൽകിയ മൊഴി ഇതിന് വിരുദ്ധമാണ്. കാർ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നൽകിയെന്നാണ്അർജുൻ ആയങ്കി മൊഴി നൽകിയത്. എന്നാൽ ഇന്നലെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ തന്റെ അമ്മ അങ്ങനെയൊരു പണം നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അർജുൻ ആയങ്കി നൽകിയ പരസ്പര വിരുദ്ധമായ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയാണ് കൂടുതൽ ചോദ്യം ചെയ്യാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.














