വെംബ്ലി
ഒമ്പതുവർഷംമുമ്പുള്ള ഒരു ജൂലൈയിലാണ് ഇറ്റലിയെ തകർത്ത് സ്പെയ്ൻ യൂറോ കപ്പിൽ മൂന്നാമതും മുത്തമിടുന്നത്. ഇറ്റലിയുടെയും സ്പെയ്ന്റെയും അവസാന ഫൈനൽ പ്രവേശം അന്നായിരുന്നു. 2016ലെ പ്രീ ക്വാർട്ടറിൽ ഇറ്റലി സ്പെയ്നെ തുരത്തി. ക്വാർട്ടറിൽ ജർമനിക്കുമുന്നിൽ ഇറ്റലി വീണു. 2008 ക്വാർട്ടറിൽ ഷൂട്ടൗട്ടിലാണ് സ്പെയ്ൻ ഇറ്റലിയെ മറികടന്നത്. സ്പെയ്ൻ ചാമ്പ്യൻമാരുമായി.
യൂറോ കപ്പിൽ കൊണ്ടും കൊടുത്തും വന്ന ചരിത്രമാണ് ഇരുസംഘങ്ങൾക്കും. ആവേശകരമായ ആ അധ്യായങ്ങളിലേക്ക് വീണ്ടുമൊരു ഇറ്റലി‐സ്പെയ്ൻ പോരാട്ടം. വെംബ്ലിയിൽ ഇന്ന് രാത്രി 12.30ന് മുഖാമുഖം.സെമിയിൽ ആദ്യമായാണ് പരസ്പരം പോരിനെത്തുന്നത്. 1968ൽ ചാമ്പ്യൻമാരായശേഷം ഇറ്റലി കപ്പിൽ മുത്തമിട്ടില്ല. 2012നും 2008നും പുറമെ 1964ലും സ്പെയ്ൻ ചാമ്പ്യൻമാരായിരുന്നു.
മുമ്പ് വ്യത്യസ്ത ആശയങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഏറെക്കുറെ ഒരേരീതിയിലാണ് ഇറ്റലിയും സ്പെയ്നും പന്തു തട്ടുന്നത്. പന്തിൽ നിയന്ത്രണം നേടുക, സമ്മർദമുണ്ടാക്കുക, എതിരാളികൾക്കുമേൽ മേധാവിത്വം നേടുക. 4‐3‐3 ശൈലിയാണ് റോബർട്ടോ മാൻസീനിയും ലൂയിസ് എൻറിക്വെയും പിന്തുടരുന്നത്. ഇറ്റലിയുടെ കളിക്ക് വേഗം കൂടുതലുണ്ട്. നല്ല ഫിനിഷർമാരും സ്വന്തം. സ്പെയ്ന്റെ തലവേദന ഒരു സ്ട്രൈക്കർ ഇല്ലാത്തതാണ്. അതിനാൽത്തന്നെ മത്സരത്തിന്റെ സാധ്യതയിൽ ഇറ്റലി ഒരു ചുവടുമുന്നിൽ നിൽക്കുന്നു.
ഈ യൂറോയുടെ ടീമാണ് ഇറ്റലി. മാൻസീനിക്കുകീഴിൽ തുടർച്ചയായി 32 മത്സരങ്ങൾ തോറ്റില്ല. 27 ജയവും അഞ്ച് സമനിലയും. ഈ യൂറോയിൽ എല്ലാ കളിയിലും മിന്നി. ക്വാർട്ടറിൽ ഒന്നാംറാങ്കുകാരായ ബൽജിയത്തെ തറപറ്റിച്ചു.
ആശയങ്ങൾ നിറഞ്ഞ മധ്യനിരയും കുലുങ്ങാത്ത പ്രതിരോധവും ഇറ്റലിക്ക് സ്വന്തം. പരമ്പരാഗത ശൈലി വിട്ട് ആക്രമണത്തിലേക്ക് തിരിഞ്ഞെങ്കിലും പ്രതിരോധം ഇപ്പോഴും ഉരുക്കുതന്നെ. മുതിർന്ന താരം ജോർജിയോ കില്ലെനിക്കാണ് അതിന്റെ കടിഞ്ഞാൺ. അതേസമയം, ഇടതുവശത്ത് ലിയനാർഡോ സ്പിനസോളയുടെ അഭാവം ദോഷം ചെയ്യും. എമേഴ്സനാണ് പകരം കളിക്കുക.
മധ്യനിര സുശക്തം. ജോർജിന്യോ പന്ത് എതിരാളികൾക്ക് വിട്ടുനൽകാതെ കാക്കുമ്പോൾ നിക്കോളോ ബറെല്ലയ്ക്ക് എല്ലാം മറന്ന് ആക്രമണത്തിലേക്ക് കുതിക്കാം. മാർകോ വെറാറ്റിയാണ് ഈ ത്രയത്തിലെ ആസൂത്രകൻ. വെറാറ്റി നൽകുന്ന പാസുകൾ കളിഗതി തീരുമാനിക്കും. ലോറെൻസെ ഇൻസിന്യെ ഏത് പ്രതിരോധത്തെയും താളംതെറ്റിക്കും. ഫെഡെറികോ കിയേസ എവിടെവച്ചും ഷോട്ട് പായിക്കാൻ മിടുക്കൻ.
മധ്യനിരയിലാണ് സ്പെയ്ന്റെ കളി. ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സും യുവതാരം പെഡ്രിയുമാണ് ചുമതലക്കാർ. ഈ യൂറോയിൽ ഏറ്റവും കളംനിറഞ്ഞത് പെഡ്രിയാണ്. പരിക്കിലുള്ള പാബ്ലോ സറാബിയ ഇന്നു കളിക്കില്ല. കോക്കെയും ഡാനി ഓൽമോയുമുണ്ട്. പന്ത് കൂടുതൽ സമയം കൈവച്ചിട്ടും നിർണായകഘട്ടങ്ങളിൽപ്പോലും ഗോളടി മറക്കുന്നതാണ് സ്പെയ്ന്റെ പ്രശ്നം. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള കാരണവും ഇതായിരുന്നു. അൽവാരോ മൊറാട്ടയും ജെറാർഡ് മൊറേനോയും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല. പ്രതിരോധവും ചിതറുന്നതാണ്.
സാധ്യതാ ഇലവൻ
സ്പെയ്ൻ–- ഉനായ് സിമോൺ, അസ്പ്ലിക്യൂട്ട, എറിക് ഗാർസിയ, ലപോർട്ടെ, ജോർഡി ആൽബ, കോകെ, സറാബിയ, ബുസ്ക്വെറ്റ്സ്, പെഡ്രി, മൊറാട്ട, ഫെറാൻ ടോറെസ്.
ഇറ്റലി–– ദൊന്നരുമ്മ, ഡി ലൊറെൻസോ, ബൊനൂഷി, അകെർബി, സ്പിനസോള, ബറെല്ല, ജോർജിന്യോ, ലോകാട്ടെല്ലി, ബെറാർഡി, ഇമ്മൊബീൽ, ഇൻസിന്യെ.