ഒറ്റപ്പാലം > മുകേഷ് എംഎൽഎയുടെ ഫോൺ വിവാദത്തിലെ വിദ്യാർത്ഥിയെ കണ്ടെത്തി. എസ് ആർ കെ നഗർ മീറ്റ്ന വിഷ്ണു നിലയത്തിൽ വിഷ്ണുനാരായണനാണ് (14) വിദ്യാർത്ഥി. ഞാൻ തന്നെയാണ് മുകേഷിന് ഫോൺ ചെയ്തതെന്ന് വിദ്യാർത്ഥി മാധ്യമങ്ങളോടു സമ്മതിച്ചു. നാലു ദിവസം മുന്നേയാണ് വിദ്യാർത്ഥി മുകേഷിനെ വിളിക്കുന്നത്. ആറുതവണ വിളിച്ചു. മൂന്നോമത്തെ തവണ മുകേഷ് ഫോൺ എടുത്തു. പിന്നീട് വിളിക്കാമെന്നും, ഒരു ഗൂഗിൾ മീറ്റിങ്ങിലാണെന്നും അറിയിച്ച് ഫോൺ കട്ട് ചെയ്യുകയായിരുന്നു.അപ്പോൾ തന്നെ വീണ്ടും മൂന്നു തവണ വിളിച്ചു. പിന്നെ ഇങ്ങോട്ടു തിരിച്ചുവിളിക്കുകയായിരുന്നുവെന്ന് വിഷ്ണുനാരായണൻ പറഞ്ഞു.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത എൻ്റെ കൂട്ടുകാരൻ്റെ പ്രശ്ന പരിഹാരത്തിനായി വിളിച്ചതാണ്. എംഎൽഎക്ക് പുറമേ സിനിമ നടനും കൂടിയാണ് മുകേഷ്. അതുകൊണ്ട് വിളിച്ചതാണ്. അദ്ദേഹം തിരക്കുള്ള മനുഷ്യനാണ്. ആറു തവണ വിളിച്ചപ്പോൾ ദേഷ്യം വന്നു കാണാം. അതിൽ എനിക്ക് പരിഭവമോ പരാതിയുമില്ലെന്ന് വിഷ്ണു നാരായണൻ പറഞ്ഞു. വാണിയംകുളം ടി ആർ കെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണുനാരായണൻ. സ്കൂളിലെ ക്ലാസ് ഗ്രൂപ്പിലാണ് കൂട്ടുകാരന് ഫോൺ സൗകര്യമില്ലെന്ന വിവരം അറിയുന്നത്. സ്ഥലം എംഎൽഎയുടെ ഫോൺ നമ്പർ തിരക്കിയില്ലെങ്കിലും കിട്ടിയില്ല. സിനിമ നടൻ കൂടിയായ മുകേഷിനെ വിളിച്ചാൽ ഫോൺ കിട്ടുമെന്ന് വിചാരിച്ചാണ് വിളിച്ചത്. എൻ്റെ ഫോണിൽ നിന്നു തന്നെയാണ് വിളിച്ചത്. പിന്നീട് കേൾക്കാൻ വേണ്ടി സുഹൃത്ത് നിർബന്ധിച്ചപ്പോൾ ഫോൺ റെക്കോർഡ് ചെയ്തതാണ്. ഇത് വെറൊരു സുഹൃത്തിനു മാത്രമാണ് അയച്ചുകൊടുത്തത്. ഇത് എങ്ങനെയാണ് വൈറൽ ആയതെന്ന് അറിയില്ലെന്ന് വിഷ്ണുനാരായണൻ പറഞ്ഞു. മുകേഷിനെ വിളിച്ച വിവരം ഞായറാഴ്ച്ച വൈകിട്ടാണ് വിഷ്ണുനാരായണൻ അച്ഛൻ നാരായണനെ അറിയിച്ചത്. സിപിഐ എം കുടുംബവും പാരമ്പര്യവൈദ്യ ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു ) ജില്ലാ പ്രസിഡൻ്റുമായ നാരായണൻ വിവരം സിപിഐ എം നേതാക്കളായ എം ഹംസ, കെ രാജേഷ്, സി മാധവൻ എന്നിവരെ അറിയിച്ചു.
തിങ്കളാഴ്ച്ച രാവിലെ പാലപ്പുറത്തുള്ള ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഓഫീസിൽ പിതാവിനൊടൊപ്പം വിഷ്ണുനാരായണൻഎത്തുകയായിരുന്നു. തുടർന്ന് സിപിഐ എം നേതാക്കളുടെ ഒപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു. ഫോൺ വിവാദത്തിൽ പരാതിയില്ലെന്നും വിഷ്ണുനാരായണൻ്റെ സുഹൃത്തിന് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സിപിഐ എം ഒരുക്കുമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ഹംസ പറഞ്ഞു. വിഷ്ണുവിനു വേണ്ടിയല്ല വിളിച്ചത്. സുഹൃത്തിനു ഓൺ പഠനത്തിന് സൗകര്യത്തിനായാണ് വിളിച്ചത്.
മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ കെ പ്രേംകുമാർ എംഎൽഎ പറഞ്ഞു. മുകേഷിൻ്റെ സിനിമകൾ കണ്ട് അദ്ദേഹത്തിനെ വിളിച്ചതാണെന്നും തങ്ങൾക്ക് ഈ വിഷയത്തിൽ പരാതിയില്ലെന്നും വിഷ്ണുവിൻ്റെ അച്ഛൻ നാരായണൻ പറഞ്ഞു. ഞായറാഴ്ച്ചയാണ് വിഷ്ണുനാരായണനും മുകേഷും തമ്മിലുള്ള ഫോൺ സംഭാഷണം വൈറലായത്.ബാലസംഘം മീറ്റ്ന യൂണിറ്റ് പ്രവർത്തകനാണ് വിഷ്ണു നാരായണൻ. അമ്മ: വിജയലക്ഷ്മി. സഹോദരൻ: ശരത് നാരായണൻ.















