തൃശൂർ > കുതിരാൻ തുരങ്കപാത നിർമാണം അതിവേഗത്തിലാക്കുന്നതിന് കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്താൻ കലക്ടർ എസ് ഷാനവാസ് നിർദേശിച്ചു. തിങ്കളാഴ്ച പകൽ കുതിരാനിലെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു കലക്ടർ. കഴിഞ്ഞദിവസം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ഡോ. ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഓൺലൈൻ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ സ്ഥലത്തെത്തി പ്രവൃത്തികൾ വിലയിരുത്തിയത്.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ കൂടുതൽ തൊഴിലാളികളും യന്ത്രസംവിധാനങ്ങളും വേണം. ആവശ്യമെങ്കിൽ ജില്ലാ ലേബർ ഓഫീസ് മുഖേന തൊഴിലാളികളെ എത്തിക്കാം. പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് ദേശീയപാത അധികൃതർക്കും കരാർ കമ്പനി അധികൃതർക്കും കലക്ടർ നിർദേശം നൽകി.
ഒരു തുരങ്കം അടിയന്തരമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്കത്തിന്റെ മുകൾ ഭാഗം സിമന്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തൽ, കോൺക്രീറ്റിങ്, ഇരുവശത്തെയും പ്രവേശന കവാടത്തിലെ പാറ നീക്കം ചെയ്യൽ, ശുചീകരണം, വൈദ്യുതി വിളക്കുകളുടെ പ്രവർത്തനം തുടങ്ങിയവ കലക്ടർ പരിശോധിച്ചു.
ടണലിനുള്ളിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പാത ശുചീകരിക്കും. കോൺക്രീറ്റ് കാന, വാട്ടർടാങ്ക് എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. അപകടസാധ്യതയുള്ള ഇടങ്ങളിലും നിർമാണം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്തു. അപകടകരമായി നിൽക്കുന്ന പാറകൾ നീക്കം ചെയ്യലും വേഗത്തിലായി. എല്ലാ ആഴ്ചയും കലക്ടർ കുതിരാൻ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.