കോഴിക്കോട്: നടനും കൊല്ലം എംഎൽഎയുമായ മുകേഷ് വിദ്യാർഥിയോട് ഫോണിലൂടെ കയർത്തുസംസാരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ നിന്ന് തടിയൂരി സിപിഎം. വിഷയം സാമൂഹിക മാധ്യമങ്ങളും രാഷ്ട്രീയമായി കോൺഗ്രസും ഏറ്റെടുത്തതോടെ പന്തിയല്ലെന്ന് കണ്ടാണ് പാർട്ടിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാർഥിയായ വിഷ്ണുവും തമ്മിലുള്ള ഫോൺകോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്ത് സഹായത്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കാതെ കുട്ടിയോട് കയർത്ത മുകേഷിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കി. ഇതേ തുടർന്നാണ് മുകേഷ് ഞായറാഴ്ച വൈകീട്ടോടെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
ഫോൺ വിളിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചതോടെ വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി. തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ഫോൺവിളിയിലെ ഗൂഢാലോചന സംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും മുകേഷ് അറിയിച്ചു.
ഇതോടെ മുകേഷിനെ വിളിച്ച കുട്ടി ആരാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായി കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ ഇന്ന് രാവിലെ തന്നെ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചു. അതിന് മുമ്പേ വിഷയത്തിൽ സിപിഎം ഇടപെടലുണ്ടായെന്നാണ് വിവരം. വിഷയം കൂടുതൽ വഷളാക്കാനില്ലെന്ന നിലപാട് വീട്ടുകാർ എടുത്തതോടെ കുട്ടിയുടെ പ്രതികരണം വന്ന ശേഷം മാത്രമേ പ്രതികരിക്കൂവെന്നാണ് ശ്രീകണ്ഠൻ സന്ദർശനത്തിന് ശേഷം പറഞ്ഞത്.
തൊട്ടുപിന്നാലെ വിഷ്ണുവിനെ സിഐടിയുവിന്റെ ഓഫീസിലേക്ക് മാറ്റി. വിഷ്ണുവിന്റെ അച്ഛൻ നാരായണൻ സിഐടിയു പ്രവർത്തകനാണ്. ഒറ്റപ്പാലം മുൻ എംഎൽഎ എം.ഹംസയുടെ നേതൃത്വത്തിലാണ് വിഷയം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നീക്കങ്ങൾ നടത്തിയത്. ഒരു മണിക്കൂറോളം നേരം സിപിഎം നേതാക്കളുമായി സംസാരിച്ച ശേഷമാണ് വിഷ്ണു മാധ്യമങ്ങൾക്ക് മുന്നിലെത്തി പ്രതികരണം നടത്തിയത്. തന്നോട് മുകേഷ് നടത്തിയ പ്രതികരണത്തെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു പ്രതികരണം.
മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോൾ മുകേഷേട്ടൻ ഗൂഗിൾ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാൻ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടൻ തിരിച്ചുവിളിച്ചു. ഞാൻ ഫോൺ വിളിച്ചത് റെക്കോർഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്കൂളിൽ ഒരുപാട് കുട്ടികൾക്ക് ഫോൺ ഇല്ലാത്തവർ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടൻ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതിൽ ഒരു പ്രശ്നവും ഇല്ല. കൂട്ടുകാരന് ഫോൺ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോൺ ഇല്ലാത്തവർക്ക് ഫോൺ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു. എനിക്ക് ഫോൺ കിട്ടാൻ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോൺ വാങ്ങിയത്. ബാക്കിയുള്ള കുട്ടികൾ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്. റെക്കോർഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയർ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ല വിഷ്ണു പ്രതികരിച്ചു.
പ്രശ്നങ്ങൾ തീർത്തതായും വിഷ്ണു പറഞ്ഞ കുട്ടിക്ക് ഫോൺ വാങ്ങി നൽകിയതായും സിപിഎം നേതാക്കൾ പിന്നീട് പ്രതികരിച്ചു. ബാലസംഘം പ്രവർത്തകനായ വിഷ്ണുവിന്റേത് പാർട്ടി കുടുംബമാണെന്ന് മുൻ എംഎൽഎ എം.ഹംസ പറഞ്ഞു. കുട്ടി മുകേഷിന്റെ വലിയ ആരാധകനാണ്. നമ്പർ കിട്ടിയപ്പോൾ എംഎൽഎ എന്ന നിലക്ക് വിളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മകന് തെറ്റുപറ്റിയതാണെന്ന് അച്ഛൻ നാരായണനും പ്രതികരിച്ചു.
അതേ സമയം ഫോൺവിളിയിൽ ആദ്യം ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മുകേഷ് കുട്ടിയെ കണ്ടെത്തിയതിന് ശേഷം പ്രതികരിച്ചിട്ടില്ല. ആദ്യം കോൺഗ്രസ് ഗൂഢാലോചനയാണെന്നും തനിക്കും ഇതുപോലെ അനുഭവമുണ്ടായെന്നും ആരോപിച്ച് പി.വി.അൻവർ എംഎൽഎ അടക്കം ഇതിനിടെ ഫെയ്സ്ബുക്കിൽ രംഗത്തെത്തിയിരുന്നു.
കുട്ടിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചതാണെങ്കിൽ സിപിഎം നേതാക്കൾ പ്രശ്നം എന്തിന് ഒതുക്കി തീർത്തുവെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം.കുട്ടിയേയും കുടുംബത്തേയും സിപിഎം സമ്മർദ്ദത്തിലാക്കിയെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.