മാവേലിക്കര> ലോകം മുഴുവൻ ലൂയിസ് ഡാഗുറയെ ഫോട്ടോഗ്രഫിയുടെ പിതാവായി അംഗീകരിക്കുമ്പോൾ ഫ്രഞ്ചുകാരനായ ജോസഫ് നീസ്ഫർ നീപ്സിനെയാണ് ചിലർ ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. ആ നീപ്സിന് മലയാള മണ്ണിൽ സ്മാരകം ഉയരുന്നു. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ തെക്കേക്കര വാത്തികുളം കളീക്കൽ പള്ളത്ത് സജി എണ്ണക്കാടിന്റെ നേതൃത്വത്തിലാണ് മാവേലിക്കരയിൽ സ്മാരകം നിർമിക്കുന്നത്.
നീപ്സിന്റെ കൈകളിലൂടെ ലോകത്തിലെ ആദ്യ ഫോട്ടോഗ്രാഫ് പിറന്നത് 1827 ജൂണിലോ ജൂലൈയിലോ ആണെന്ന് സജി എണ്ണക്കാട് പറയുന്നു. നീപ്സിന്റെ ത്യാഗപൂർണമായ ജീവിതത്തിലൂടെ പുതിയ തലമുറയെ ഫോട്ടോഗ്രാഫിയുടെ ചരിത്രം പഠിപ്പിക്കുകയാണ് ലക്ഷ്യം. പരീക്ഷണങ്ങൾക്കായി നീപ്സ് ഉപയോഗിച്ച എസ്റ്റേറ്റ് വസതിയുടെ മാതൃക പശ്ചാത്തലമാക്കി വെങ്കല പ്രതിമ സ്ഥാപിക്കും. തിരുവനന്തപുരം സ്വദേശിയായ ശിൽപ്പി സുനിൽകുമാറാണ് പ്രതിമ നിർമിക്കുന്നത്. മാവേലിക്കര കേന്ദ്രമായ ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സ്മാരകം സ്ഥാപിക്കുന്നതെന്നും ഇന്ത്യയിൽ ആദ്യമായാണ് നീപ്സിന് സ്മാരകം ഉയരുന്നതെന്നും ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ സജി അറിയിച്ചു.
1833 ജൂലൈ അഞ്ചിനാണ് നീപ്സ് മരിച്ചത്. നാഷണൽ ബുക്ക്സ് പുറത്തിറക്കിയ തന്റെ നിശ്ചലം നിശ്ശബ്ദം എന്ന പുസ്തകത്തിൽ ഈ വാദങ്ങൾ സജി വായനക്കാരോട് പങ്കുവച്ചിട്ടുണ്ട്. കളമശേരിയിൽ കെ എസ്ഇബി സിസ്റ്റം ഓപ്പറേഷൻ ചീഫ് എൻജിനിയർ ഓഫീസ് സൂപ്രണ്ടാണ് സജി. 188––ാം ചരമവാർഷികത്തിലെ നീപ്സ് ഫൗണ്ടേഷന്റെ ഉദ്യമം കൂടുതൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കും.
ആദ്യ ക്ലിക്ക് ആരുടേത്..?
ലോകമെങ്ങും ഫോട്ടോഗ്രഫി ദിനമായി ആചരിക്കുന്നത് ഓഗസ്റ്റ് 19നാണ്. 1837 ൽ ഫ്രഞ്ചുകാരനായ ലൂയിസ് ഡാഗുറേയുടെ, ഡാഗുറേ ടൈപ്പിന്റെ കണ്ടുപിടിത്തത്തിന് ശേഷമാണ് ഫോട്ടോഗ്രഫി ദിനം ആചരിക്കാൻ തുടങ്ങിയത്. സിൽവർ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റിൽ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകൾക്കുള്ളിൽ പതിപ്പിക്കുന്നതും പിന്നീട് പ്രതിബിംബം പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിക്കാൻ കഴിയുമെന്നുമായിരുന്നു കണ്ടുപിടിത്തം.
രണ്ട് വർഷങ്ങൾക്ക് ശേഷം 1839 ജനുവരി ഒമ്പതിന് ഡാഗുറേടൈപ്പിന് ഫ്രഞ്ച് സയൻസ് അക്കാദമിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ആ വർഷം തന്നെ ആഗസ്ത് 19ന്, ലോകത്തിന് ലഭിച്ച സമ്മാനമെന്ന് ഡാഗുറേ ടൈപ്പിനെ ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഓഗസ്ത് 19 ലോക ഫോട്ടോഗ്രഫി ദിനമായി ആചരിച്ചുതുടങ്ങിയത്. എന്നാൽ 1827 ജൂണിലോ ജൂലൈയിലോ നീപ്സ് ആദ്യ ചിത്രമെടുത്തിരുന്നു എന്നാണ് മറുവാദം.