കിരണിന് വേണ്ടി അഭിഭാഷകൻ ബി എ ആളൂരാണ് കിരണിന് വേണ്ടി കോടതിയിൽ ഹാജരായത്. കിരൺ സമർപ്പിച്ച ജാമ്യ ഹർജി പ്രോസിക്യൂഷൻ ശക്തമയി എതിർത്തിരുന്നു. വിസ്മയയുടെ മരണത്തിൽ കിരണിന് പങ്കില്ലെന്ന വാദം തന്നെയാണ് ജാമ്യഹർജിയിലും ഉന്നയിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച് നെയ്യാറ്റിൻ കര സബ് ജയിലിൽ കഴിയുന്ന കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് പോലീസ് നീക്കം. ഇതിൻ്റെ ഭാഗമായി കൊവിഡ് മുക്തിയുണ്ടാകുന്നതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ എത്തിച്ച് കിരണിനെ തെളിവെടുപ്പിന് വിധേയമാക്കേണ്ടതുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിനും വിചാരണയ്ക്കുമായി സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പോലീസ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റ് പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നു.
വിസ്മയയുടെ ദുരൂഹമരണത്തിൽ പോലീസ് കാണിക്കുന്നത് അമിതാവേശമെന്ന് പ്രതി കിരൺ കുമാറിൻ്റെ അഭിഷാകൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്. സമാനമായ പല ആത്മഹത്യകളും റിപ്പോർട്ട് ചെയ്തിട്ടും ഇത്രയും ശുഷ്കാന്തി ഈ കേസുകളിൽ പോലീസ് പ്രകടിപ്പിച്ചില്ല. കിരണിനെ പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കുകയാണെന്നും ആളൂർ വാദിച്ചിരുന്നു.