പാലക്കാട് : നടനും കൊല്ലം എംഎൽഎയുമായ മുകേഷ് ഫോണിലൂടെ കയർത്ത് സംസാരിച്ച കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ വിഷ്ണുവെന്ന പത്താംക്ലാസ് വിദ്യാർത്ഥിയാണ് മുകേഷിനോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫോണിൽ ബന്ധപ്പെട്ടത്. എം.എൽ.എ കുട്ടിയോട് കയർത്തു സംസാരിക്കുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. മുകേഷിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പരാതി നൽകുമെന്നും മുകേഷും വ്യക്തമാക്കി. പിന്നാലെയാണ് കുട്ടി പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ പ്രതികരണം.
കുട്ടിയുടെ പ്രതികരണത്തിൽ നിന്ന്
മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോൾ മുകേഷേട്ടൻ ഗൂഗിൾ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാൻ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടൻ തിരിച്ചുവിളിച്ചു.ഞാൻ ഫോൺ വിളിച്ചത് റെക്കോർഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്കൂളിൽ ഒരുപാട് കുട്ടികൾക്ക് ഫോൺ ഇല്ലാത്തവർ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടൻ കൂടി അല്ലേ..അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതിൽ ഒരു പ്രശ്നവും ഇല്ല. കൂട്ടുകാരന് ഫോൺ കിട്ടാനാണ് മുകേഷിനെ വിളിച്ചത്. അദ്ദേഹം ഫോൺ ഇല്ലാത്തവർക്ക് ഫോൺ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു.
എനിക്ക് ഫോൺ കിട്ടാൻ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോൺ വാങ്ങിയത്. ബാക്കിയുള്ള കുട്ടികൾ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്.
റെക്കോർഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയർ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു.
പാർട്ടി കുടുംബത്തിലെ അംഗമാണ് വിഷണുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം വ്യക്തമാക്കി.
Content Highlight: Mukesh Voice Clip controversy