കോഴിക്കോട്: ഫോണിൽ വിളിച്ച വിദ്യാർഥിയെ ശകാരിച്ച എം.മുകേഷ് എംഎൽഎയെ പിന്തുണച്ച് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സ്വന്തം എംഎൽഎയുടെ പേര് അറിയില്ല എന്ന് പറഞ്ഞപ്പോൾ ചൂരൽ കൊണ്ട് അടിക്കണമെന്ന് മുകേഷ് പറഞ്ഞതിനെ അദ്ദേഹം പിന്തുണച്ചു.
സ്വന്തം നാട്ടിലെ എംഎൽഎ ആരാണെന്ന് ചോദിക്കുമ്പോൾ അറിയില്ല എന്ന് പറഞ്ഞാൽ ആ കുട്ടിയെ പിടിച്ച് ഉമ്മ വെക്കുകയാണോ വേണ്ടത്. അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. കോഴിക്കോട് ബഷീർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എംഎൽഎയെ ഒരു കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോൺ റെക്കോർഡ് ചെയ്തിട്ടുണ്ട്. വിളിച്ച് പ്രശ്നം പറയുന്നതിന് ഫോൺ റെക്കോർഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാർഥി മാറുമ്പോൾ രാഷ്ട്രീയത്തിനപ്പുറം നമ്മൾ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തിൽ ഒരു ജനാധിപത്യ വ്യവസ്ഥയിൽ വളർന്നുവരുന്ന കുട്ടികൾ എങ്ങോട്ടേക്ക് എന്തിലേക്ക് പോകുന്നുവെന്ന വിഷയം നമ്മൾ എല്ലാവരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടിൽ മുന്നോട്ട് പോകുമ്പോൾ തെറ്റുകൾ കുന്നുകൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.